ജപ്പാനിൽ മൂന്ന് പതിറ്റാണ്ടിലേറെയായി താമസിച്ച് ബിസിനസ്സ് നടത്തിവന്ന ഇന്ത്യൻ പ്രവാസിക്ക് പുതിയ വിസാ നിയമ പരിഷ്കാരങ്ങൾ മൂലം നാടുകടത്തൽ ഭീഷണി നേരിടേണ്ടി വന്ന സംഭവം അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചയാകുന്നു. നിയമങ്ങൾ കർശനമാക്കിയതോടെ രാജ്യം വിടേണ്ട സാഹചര്യം ഉണ്ടായതിനെ തുടർന്ന് പൊതുയോഗത്തിനിടെ കണ്ണീരോടെ തന്റെ വേദന പങ്കുവെച്ച ഇന്ത്യൻ റസ്റ്റോറന്റ് ഉടമയുടെ വിഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്.

ടോക്കിയോക്ക് സമീപം വർഷങ്ങളായി ഇന്ത്യൻ ഭക്ഷണശാല നടത്തിവരുന്ന മനീഷ് കുമാർ എന്ന പ്രവാസിയാണ് തന്റെ ദുരവസ്ഥ തുറന്നുപറഞ്ഞത്. താൻ മുപ്പത് വർഷമായി ഇവിടെയാണ് ജീവിക്കുന്നതെന്നും മക്കൾ ജനിച്ചതും വളർന്നതും ജപ്പാനിലാണെന്നും വികാരാധീനനായി ജാപ്പനീസ് ഭാഷയിൽ അദ്ദേഹം യോഗത്തിൽ വ്യക്തമാക്കി. മക്കൾക്ക് ജാപ്പനീസ് ഭാഷ മാത്രമേ അറിയാവൂ എന്നും അവരുടെ സുഹൃത്തുക്കളും പഠനവും ജീവിതവുമെല്ലാം ഇവിടെയായിരിക്കെ പെട്ടെന്ന് ഇന്ത്യയിലേക്ക് മടങ്ങാൻ പറയുന്നത് എങ്ങനെ സാധിക്കുമെന്നും അദ്ദേഹം ചോദിക്കുന്നു. വർഷങ്ങളായി കൃത്യമായി നികുതി അടച്ച് നിയമാനുസൃതമായി ജീവിച്ചിട്ടും കഷ്ടപ്പെട്ട് സ്വന്തമായി ഒരു വീട് വാങ്ങിയ ശേഷമാണ് ഇത്തരമൊരു പ്രതിസന്ധി നേരിടേണ്ടി വന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അടുത്തിടെയാണ് ജപ്പാൻ ഭരണകൂടം ബിസിനസ് മാനേജർ വിസയ്ക്കുള്ള സാമ്പത്തിക നിബന്ധനകൾ കർശനമാക്കിയത്. ഇതോടെ നിരവധി വിദേശ ചെറുകിട വ്യാപാരികൾ പ്രതിസന്ധിയിലായി. ബിസിനസ് തുടരാൻ ആവശ്യമായ മൂലധനവും വരുമാന മാനദണ്ഡങ്ങളും കുത്തനെ ഉയർത്തിയതോടെ ചെറിയ റസ്റ്റോറന്റുകളും കുടുംബ വ്യവസായങ്ങളും നടത്തുന്ന പലർക്കും പുതിയ വ്യവസ്ഥകൾ പാലിക്കാൻ കഴിയാത്ത സാഹചര്യമാണുള്ളത്. പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വന്നതിന് ശേഷം ബിസിനസ് വിസ അപേക്ഷകളിൽ വലിയ ഇടിവാണ് ഉണ്ടായിരിക്കുന്നത്. അപേക്ഷകളിൽ ഏകദേശം 96 ശതമാനത്തോളം കുറവുണ്ടായെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

നിലവിലുള്ള ബിസിനസ്സ് ഉടമകൾക്ക് പുതിയ മാറ്റങ്ങളുമായി പൊരുത്തപ്പെടാൻ ജപ്പാൻ സർക്കാർ മൂന്ന് വർഷത്തെ ഗ്രേസ് പിരീഡ് അനുവദിച്ചിട്ടുണ്ടെങ്കിലും കോടികളുടെ മൂലധനം കണ്ടെത്തുക എന്നത് ചെറുകിട റെസ്റ്റോറന്റ് ഉടമകൾക്ക് അസാധ്യമാണ്. വ്യാജ കമ്പനികൾ ഉണ്ടാക്കി വിദേശികൾ വ്യാപകമായി ജപ്പാനിൽ ദീർഘകാല താമസത്തിനുള്ള എളുപ്പവഴിയായി വിസ ഉപയോഗിക്കുന്നത് തടയുന്നതിനാണ് ജപ്പാൻ ഇത്തരം കടുത്ത പരിഷ്കാരങ്ങൾ കൊണ്ടുവന്നത്. ടോക്കിയോ ഇമിഗ്രേഷൻ വിഭാഗം അടുത്തിടെ നടത്തിയ ഓഡിറ്റിങ്ങിൽ, സമർപ്പിക്കപ്പെട്ട ബിസിനസ് മാനേജർ വിസകളിൽ 90 ശതമാനവും വ്യാജമായിരുന്നു എന്ന് കണ്ടെത്തിയിരുന്നു. സംവിധാനത്തിന്റെ ദുരുപയോഗം തടയാൻ പരിഷ്കാരങ്ങൾ ആവശ്യമാണെന്ന് ജാപ്പനീസ് സർക്കാർ പറയുമ്പോഴും മനീഷ് കുമാറിന്റെ കേസ് ഒരു തുടക്കം മാത്രമാണെന്നും വരും ദിവസങ്ങളിൽ കൂടുതൽ നിയമാനുസൃത വിദേശി വ്യാപാരികൾക്ക് ജപ്പാൻ വിടേണ്ടി വരുമെന്നുമാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.