മുൻ കരസേനാ മേധാവി ജനറൽ എം.എം. നരവനെയുടെ ‘ഫോർ സ്റ്റാർസ് ഓഫ് ഡെസ്റ്റിനി’ (Four Stars of Destiny) എന്ന ആത്മകഥയുടെ ചോർച്ചയുമായി ബന്ധപ്പെട്ട് ഡൽഹി പോലീസ് സ്പെഷ്യൽ സെൽ അന്താരാഷ്ട്ര തലത്തിൽ അന്വേഷണം ആരംഭിച്ചു.

പ്രതിരോധ മന്ത്രാലയത്തിൻ്റെ നിർബന്ധിത അനുമതി ലഭിക്കുന്നതിന് മുൻപേ പുസ്തകം ആഗോള ഡിജിറ്റൽ വിപണികളിൽ എത്തിയതായി പോലീസ് കണ്ടെത്തി. ഇത് കേവലമൊരു പൈറസി മാത്രമല്ലെന്നും പ്രതിരോധ മേഖലയുമായി ബന്ധപ്പെട്ട പ്രസിദ്ധീകരണങ്ങളുടെ ഔദ്യോഗിക നടപടിക്രമങ്ങളെ അട്ടിമറിക്കാനുള്ള ആസൂത്രിത നീക്കമാണെന്നുമാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക നിഗമനം.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഈ പുസ്തക ചോർച്ചയുമായി ബന്ധപ്പെട്ട് ക്രിമിനൽ ഗൂഢാലോചനയ്ക്ക് ഡൽഹി പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. പ്രസിദ്ധീകരിക്കാത്ത ഒരു പുസ്തകം എങ്ങനെയാണ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ കൈകളിൽ എത്തിയത് എന്നതിനെക്കുറിച്ച് ഇന്ത്യാ ടുഡേ ഡിജിറ്റൽ ഉന്നയിച്ച ചോദ്യങ്ങൾക്ക് പിന്നാലെയായിരുന്നു ഈ നടപടി. നിലവിൽ അമേരിക്ക, കാനഡ, ജർമ്മനി, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളിലെ ഡിജിറ്റൽ സാമ്പത്തിക ഇടപാടുകളാണ് പോലീസ് നിരീക്ഷിക്കുന്നത്.