രാജ്യത്തെ പ്രധാന സ്മാരകങ്ങളിൽ പെട്ട ഡൽഹി ജുമാ മസ്ജിന്റെ പരിസരത്തുള്ള കൈയേറ്റങ്ങൾ ഒഴിപ്പിക്കുമെന്ന് ഡൽഹി ആഭ്യന്തര മന്ത്രി ആശിഷ് സൂദ്. മസ്ജിദിന്റെ പരിസരത്തുള്ള അനധികൃത നിർമാണങ്ങളെ കുറിച്ച് സർവേ നടത്താൻ ഡൽഹി മുനിസിപ്പൽ കോർപ്പറേഷനോട് ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. ഈ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിയുടെ പ്രതികരണം.
ഓൾഡ് ഡൽഹിയിലെ തുർക്ക്മാൻ ഗേറ്റിലെ ഫൈസ്-ഇ-ഇലാഹി പള്ളിക്ക് സമീപമുള്ള കൈയേറ്റങ്ങൾ പൊളിച്ചുമാറ്റാൻ കോടതി ഉത്തരവിട്ടതിനെ തുടർന്ന് കോർപ്പറേഷന്റെ നടപടികൾ തുടരുന്നതിനിടെയാണ് മന്ത്രിയുടെ പരാമർശം . ബുധനാഴ്ച പുലർച്ചെ പൊളിക്കൽ നടപടിക്കിടെ അക്രമം പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്ന് 11 പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ജുമാ മസ്ജിദ് പ്രദേശത്തെ അനധികൃത പാർക്കിംഗിന്റെയും കടകളുടെയും രൂപത്തിലുള്ള കൈയേറ്റങ്ങൾക്കെതിരെ ചില എൻജിഒകൾ ഡൽഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. രണ്ട് മാസത്തിനുള്ളിൽ ഒരു സർവേ നടത്തി കയ്യേറ്റങ്ങൾ നീക്കം ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കാൻ കോടതി ബന്ധപ്പെട്ട ഏജൻസികളോട് ഉത്തരവിട്ടിട്ടുണ്ട്. റോഡുകൾ വീതികൂട്ടുന്നതിനാൽ ആ പ്രദേശത്തെ ജനങ്ങൾ ഇത് സ്വാഗതം ചെയ്യുമെന്നാണ് കരുതുന്നത്. കോടതി ഉത്തരവ് വരുമ്പോൾ അതിനെ രാഷ്ട്രീയമായി കാണരുതെന്നും ആശിഷ് സൂദ് പറഞ്ഞു.



