അമേരിക്ക തങ്ങളുടെ തന്ത്രപരമായ താൽപ്പര്യങ്ങൾക്കായി പാകിസ്ഥാനെ ചൂഷണം ചെയ്തെന്നും പിന്നീട് ടോയ്‌ലറ്റ് പേപ്പറിനേക്കാൾ മോശമായി വലിച്ചെറിഞ്ഞെന്നും ആരോപിച്ച് പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖാജ ആസിഫ്. പാകിസ്ഥാൻ പാർലമെന്റിൽ നടത്തിയ പ്രസംഗത്തിലാണ് ഖാജ ആസിഫ് അമേരിക്കയ്ക്കെതിരെയും മുൻ പാക് ഭരണാധികാരികൾക്കെതിരെയും കടുത്ത വിമർശനങ്ങൾ ഉന്നയിച്ചത്.
1999-ന് ശേഷം, പ്രത്യേകിച്ച് അഫ്ഗാനിസ്ഥാനുമായി ബന്ധപ്പെട്ട് വാഷിംഗ്ടണുമായി വീണ്ടും സഖ്യമുണ്ടാക്കാനുള്ള പാകിസ്ഥാൻ്റെ തീരുമാനം രാജ്യത്തിന് ശാശ്വതമായ നാശമുണ്ടാക്കിയെന്ന് അദ്ദേഹം തുറന്നുസമ്മതിച്ചു. അമേരിക്കൻ പിന്തുണ തേടിയത് വലിയൊരു തെറ്റായ കണക്കുകൂട്ടലായിരുന്നുവെന്നും അതിന്റെ പ്രത്യാഘാതങ്ങൾ പതിറ്റാണ്ടുകൾക്ക് ശേഷവും പാകിസ്ഥാൻ അനുഭവിക്കുകയാണെന്നും അദ്ദേഹം വിവരിച്ചു.
പതിറ്റാണ്ടുകളായുള്ള പാകിസ്ഥാന്റെ ഔദ്യോഗിക നിലപാടുകളെ വെല്ലുവിളിച്ചുകൊണ്ട്, അഫ്ഗാനിസ്ഥാനിലെ സംഘർഷങ്ങളിൽ പാകിസ്ഥാൻ ഇടപെട്ടത് മതപരമായ കടമ മൂലമാണെന്ന അവകാശവാദം ഖവാജ ആസിഫ് തള്ളി. പാകിസ്ഥാനികളെ ജിഹാദ് എന്ന പേരിൽ സംഘടിപ്പിക്കുകയും യുദ്ധത്തിന് അയക്കുകയും ചെയ്തത് തെറ്റിദ്ധരിപ്പിക്കുന്നതും വിനാശകരവുമായ നടപടിയാണെന്ന് അദ്ദേഹം അംഗീകരിച്ചു.
ഇത്തരം യുദ്ധങ്ങളെ ന്യായീകരിക്കുന്നതിനായി പാകിസ്ഥാന്റെ വിദ്യാഭ്യാസ സമ്പ്രദായം പോലും പുനർനിർമ്മിക്കപ്പെട്ടുവെന്നും ആ പ്രത്യയശാസ്ത്രപരമായ മാറ്റങ്ങൾ ഇന്നും രാജ്യത്ത് നിലനിൽക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
1980-കളിൽ അഫ്ഗാനിസ്ഥാനിൽ നടന്ന സോവിയറ്റ് വിരുദ്ധ യുദ്ധം യഥാർത്ഥ മതപരമായ അനിവാര്യതയേക്കാൾ അമേരിക്കയുടെ ഭൗമരാഷ്ട്രീയ താൽപ്പര്യങ്ങളാൽ നിർദ്ദേശിക്കപ്പെട്ടതാണെന്ന് അദ്ദേഹം വാദിച്ചു. തങ്ങളുടേതല്ലാത്ത യുദ്ധങ്ങളിൽ പങ്കെടുത്തത് രാജ്യത്ത് ദീർഘകാല അസ്ഥിരതയ്ക്കും സാമൂഹികമായ തകർച്ചയ്ക്കും കാരണമായെന്നും അത് ഇനിയും പരിഹരിക്കപ്പെട്ടിട്ടില്ലെന്നും പ്രതിരോധ മന്ത്രി പറഞ്ഞു.
ഉപയോഗിച്ചു, പിന്നീട് വലിച്ചെറിഞ്ഞു
1999-ന് ശേഷം, പ്രത്യേകിച്ച് 2001 സെപ്റ്റംബർ 11-ലെ ആക്രമണത്തിന് ശേഷം അമേരിക്കയുമായി വീണ്ടും അടുത്തതിന്റെ വില വളരെ വലുതായിരുന്നുവെന്ന് ഖവാജ ആസിഫ് പറഞ്ഞു. മുൻ സൈനിക ഭരണാധികാരികളായ സിയാ ഉൾ ഹഖും പർവേസ് മുഷറഫും പാകിസ്ഥാനെ പുറത്തുനിന്നുള്ള യുദ്ധങ്ങളിൽ കുടുക്കിയെന്നും സഖ്യകക്ഷികൾ പിന്മാറിയ ശേഷവും അതിന്റെ ആഘാതങ്ങൾ പാകിസ്ഥാൻ അനുഭവിക്കേണ്ടി വന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അസാധാരണമായ രൂക്ഷമായ ഭാഷയിലാണ് അദ്ദേഹം അമേരിക്കയുടെ നിലപാടിനെ വിമർശിച്ചത്. ഒരു ആവശ്യത്തിനായി ഉപയോഗിച്ച ശേഷം പാകിസ്ഥാനെ ടോയ്‌ലറ്റ് പേപ്പറിനേക്കാൾ മോശമായി വലിച്ചെറിയുകയായിരുന്നുവെന്ന് അദ്ദേഹം നിയമസഭാംഗങ്ങളോട് പറഞ്ഞു.
2001-ന് ശേഷം ഭീകരതയ്ക്കെതിരായ അമേരിക്കൻ യുദ്ധത്തെ പിന്തുണയ്ക്കുന്നതിനായി പാകിസ്ഥാൻ താലിബാനെതിരെ തിരിഞ്ഞു. എന്നാൽ ഒടുവിൽ വാഷിംഗ്ടൺ പിന്മാറുകയും പാകിസ്ഥാൻ അക്രമങ്ങളിലും തീവ്രവാദത്തിലും സാമ്പത്തിക തകർച്ചയിലും മുങ്ങിപ്പോകുകയും ചെയ്തുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.



