കോഴിക്കോട്: ബസ് യാത്രക്കിടെ ലൈംഗികാതിക്രമം നടത്തിയതായി സമൂഹമാധ്യമങ്ങളിൽ വിഡിയോ പ്രചരിച്ചതിന് പിന്നാലെ യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ വിഡിയോ ദൃശ്യം പങ്കുവെച്ച യുവതിക്കെതിരെ കോഴിക്കോട് മെഡി. കോളജ് പൊലീസ് ആത്മഹത്യപ്രേരണക്ക് കേസെടുത്തു.
വടകര സ്വദേശിനി ഷിംജിത മുസ്തഫക്ക് (35) എതിരെയാണ് കേസെടുത്തത്. ഗോവിന്ദപുരം സ്വദേശി യു. ദീപകിന്റെ മരണവുമായി ബന്ധപ്പെട്ടാണ് കേസ്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ബസ് യാത്രക്കിടെ ദീപകിന്റെ വിഡിയോ യുവതി പകർത്തുകയും പിന്നീട് സമൂഹമാധ്യമത്തിൽ പ്രചരിപ്പിക്കുകയും ചെയ്തത്. ബസ് യാത്രക്കിടെ ശരീരത്തിൽ സ്പർശിച്ചുവെന്നായിരുന്നു യുവതിയുടെ ആരോപണം. സംഭവം സമൂഹമാധ്യമങ്ങളിൽ ചർച്ചയായതിന് പിന്നാലെയാണ് ദീപക് ആത്മഹത്യ ചെയ്തത്. ദീപകിന്റെ ബന്ധുക്കളുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. യുവതിക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സിറ്റി പൊലീസ് കമീഷണർക്കും കലക്ടർക്കും മാതാവ് കെ. കന്യക പരാതി നൽകിയിരുന്നു. അതേസമയം യുവതി വിദേശത്തേക്ക് കടന്നതായാണ് സൂചന. യുവതിക്കായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മൊഴിയെടുക്കാൻ യുവതിയുടെ വീട്ടിലേക്ക് പോകാനിരിക്കെയാണ് യുവതി വീട്ടിലില്ലെന്ന വിവരം ലഭിച്ചത്. ദൃശ്യങ്ങൾ പകർത്തിയ ഫോണിൽനിന്ന് ചില രംഗങ്ങൾ മാത്രമാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചത്. ഇതിൽ എഡിറ്റിങ് നടന്നിട്ടുണ്ടോയെന്നതും മറ്റും വിശദമായി പരിശോധിക്കുന്നതിന് ഫോൺ കസ്റ്റഡിയിലെടുക്കുമെന്ന് പൊലീസ് അറിയിച്ചു. യുവതി സമൂഹമാധ്യമത്തിൽ പങ്കുവെച്ച ദൃശ്യങ്ങൾ ഇതിനകം പൊലീസ് ശേഖരിച്ചിട്ടുണ്ട്. കൂടാതെ ബസിലുണ്ടായിരുന്ന സഹയാത്രികരുടെയും ബസ് ജീവനക്കാരുടെയും മൊഴി രേഖപ്പെടുത്താനും പൊലീസ് നടപടിയാരംഭിച്ചു.
ദൃശ്യം പകർത്തിയ യുവതിക്കെതിരെ വൻ പ്രതിഷേധമാണ് ഉയരുന്നത്. സെയിൽസ് മാനേജറായ യുവാവ് വെള്ളിയാഴ്ച ജോലിയുമായി ബന്ധപ്പെട്ട് യാത്ര ചെയ്യുന്നതിനിടെയാണ് സംഭവം. തിരക്കുള്ള ബസിൽ അനുചിതമായി സ്പര്‍ശിക്കുന്നത് മൊബൈല്‍ ഫോണില്‍ ഷൂട്ട് ചെയ്ത് യുവതി സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്യുകയായിരുന്നു.



