ഒഡീഷയിലെ ഭദ്രക് ജില്ലയിൽ ശ്മശാനത്തിൽ സംസ്കരിച്ച മൃതദേഹങ്ങൾ ദുരൂഹസാഹചര്യത്തിൽ കാണാതാകുന്നതായി പരാതി. കഴിഞ്ഞ രണ്ട് മാസത്തിനിടെ മാത്രം അഞ്ച് മൃതദേഹങ്ങളാണ് ഇത്തരത്തിൽ ശ്മശാനത്തിൽ നിന്ന് കാണാതായത്. സംഭവത്തിൽ നാട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
ഇതാദ്യമായല്ല ഇത്തരത്തിൽ മൃതദേഹങ്ങൾ കാണാതാവുന്നതെന്നാണ് നാട്ടുകാർ പറയുന്നത്. 2016 മുതൽ ഈ പ്രദേശത്ത് സമാനമായ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. 2016-ൽ ഒരു കുട്ടിയുടെ മൃതദേഹം ഉൾപ്പെടെ രണ്ട് മൃതദേഹങ്ങൾ കാണാതായിരുന്നു. പിന്നീട് 2017, 2023, 2025 വർഷങ്ങളിലും മൃതദേഹങ്ങൾ കാണാതായതായി റിപ്പോർട്ടുകളുണ്ട്. മുൻപും നാട്ടുകാർ പോലീസിൽ പരാതി നൽകിയിരുന്നെങ്കിലും കാര്യമായ അന്വേഷണം നടന്നില്ലെന്ന ആക്ഷേപവും ശക്തമാണ്.
2025-ൽ നടന്ന സംഭവത്തിൽ, ഒരു സ്ത്രീയുടെ മൃതദേഹം സംസ്കാരം കഴിഞ്ഞ് പത്താം ദിവസമാണ് കാണാതായത്. കുഴിമാടം തകർത്താണ് മൃതദേഹം കൊണ്ടുപോയതെന്ന് അന്ന് കണ്ടെത്തിയിരുന്നു. ഇതിന് സമീപത്തുനിന്ന് മദ്യക്കുപ്പികളും വസ്ത്രങ്ങളും മൃതദേഹത്തിന്റെ അവശിഷ്ടങ്ങളും കണ്ടെത്തിയതായും നാട്ടുകാർ പറഞ്ഞു. മൃതദേഹങ്ങൾ മോഷ്ടിക്കുന്നതിന് പിന്നിൽ ദുരൂഹ സംഘങ്ങളാണോ എന്ന സംശയവും ബലപ്പെടുന്നുണ്ട്.



