സർക്കാർ ജീവനക്കാരുടെ വ്യക്തിവിവരങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസ് അനധികൃതമായി ശേഖരിച്ചെന്ന പരാതിയിൽ നൽകിയ ഹർജി ഹൈക്കോടതി തള്ളി. ജീവനക്കാരുടെ സ്വകാര്യത ലംഘിക്കപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടി സമർപ്പിച്ച ഹർജിയിലാണ് സർക്കാരിന് അനുകൂലമായ വിധി വന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ജീവനക്കാർക്ക് സന്ദേശം അയച്ചതിൽ നിയമവിരുദ്ധമായി ഒന്നുമില്ലെന്നും, ഇത് നല്ല ഭരണനിർവ്വഹണത്തിന്റെ (Good Governance) ഭാഗമാണെന്നും കോടതി നിരീക്ഷിച്ചു.
സെക്രട്ടേറിയറ്റ് ജീവനക്കാരനായ അനിൽകുമാർ ഉൾപ്പെടെയുള്ളവരാണ് കോടതിയെ സമീപിച്ചത്. സർക്കാർ ജീവനക്കാരുടെ ശമ്പള വിവരങ്ങൾ കൈകാര്യം ചെയ്യുന്ന ‘സ്പാർക്ക്’ (SPARK) സോഫ്റ്റ്‌വെയറിൽ നിന്ന് മൊബൈൽ നമ്പറുകൾ ഉൾപ്പെടെയുള്ള വിവരങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസ് ചോർത്തിയെന്നായിരുന്നു പ്രധാന ആരോപണം. ക്ഷാമബത്ത (DA) അനുവദിച്ചത് ഉൾപ്പെടെയുള്ള സർക്കാർ നേട്ടങ്ങൾ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ജീവനക്കാരുടെ ഫോണുകളിലേക്ക് സന്ദേശമായി അയക്കുന്നത് ചട്ടലംഘനമാണെന്നും ഹർജിക്കാർ വാദിച്ചു.
എന്നാൽ ഈ ആരോപണങ്ങളെ സർക്കാർ കോടതിയിൽ ശക്തമായി എതിർത്തു. ഭരണനിർവ്വഹണത്തിന്റെ ഭാഗമായുള്ള ആശയവിനിമയം മാത്രമാണ് നടന്നതെന്നും ഇതിൽ യാതൊരുവിധ രാഷ്ട്രീയ ലക്ഷ്യങ്ങളില്ലെന്നും സർക്കാർ ബോധിപ്പിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസ് ആരുടെയും വ്യക്തിഗത വിവരങ്ങൾ പ്രത്യേകമായി സൂക്ഷിച്ചിട്ടില്ലെന്നും സർക്കാർ വിശദീകരിച്ചു. സർക്കാരിന്റെ വാദങ്ങൾ അംഗീകരിച്ച കോടതി, ഭരണപരമായ കാര്യങ്ങൾ ജീവനക്കാരെ അറിയിക്കുന്നത് തെറ്റല്ലെന്ന് വ്യക്തമാക്കി ഹർജി തള്ളുകയായിരുന്നു.



