ക്യൂബൻ സമുദ്രാതിർത്തിയിൽ അമേരിക്കൻ രജിസ്ട്രേഷനുള്ള ബോട്ടിന് നേരെ ക്യൂബൻ കോസ്റ്റ് ഗാർഡ് നടത്തിയ വെടിവെപ്പിൽ നാല് പേർ കൊല്ലപ്പെട്ടു. ആറ് പേർക്ക് പരിക്കേറ്റു. ബുധനാഴ്ച വില്ല ക്ലാര പ്രവിശ്യയിലെ കായോ ഫാൽക്കൺസിന് സമീപമാണ് സംഭവം നടന്നതെന്ന് ക്യൂബൻ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഫ്ലോറിഡയിൽ രജിസ്റ്റർ ചെയ്ത ബോട്ട് തടഞ്ഞുനിർത്തി പരിശോധിക്കാൻ ശ്രമിക്കുന്നതിനിടെ ബോട്ടിനുള്ളിൽ നിന്ന് വെടിയുതിർത്തതായും ഇതിന് പകരമായാണ് തങ്ങൾ വെടിവെച്ചതെന്നുമാണ് ക്യൂബയുടെ വിശദീകരണം.
അജ്ഞാത ബോട്ട് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ക്യൂബൻ പട്രോളിംഗ് കപ്പൽ സമീപിച്ചപ്പോൾ ബോട്ടിലുണ്ടായിരുന്നവർ വെടിയുതിർക്കുകയും ഇതിൽ തങ്ങളുടെ ക്യാപ്റ്റന് പരിക്കേൽക്കുകയും ചെയ്തതായി ആഭ്യന്തര മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. തുടർന്നുണ്ടായ പ്രത്യാക്രമണത്തിലാണ് വിദേശ ബോട്ടിലുണ്ടായിരുന്ന നാല് പേർ കൊല്ലപ്പെട്ടത്. പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റിയതായും സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്നും ക്യൂബ അറിയിച്ചു.
അതേസമയം, വെടിയേറ്റ ബോട്ട് ഫ്ലോറിഡയിൽ നിന്ന് മോഷ്ടിക്കപ്പെട്ടതാണെന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. FL7726SH എന്ന നമ്പറിൽ രജിസ്റ്റർ ചെയ്ത 24 അടി നീളമുള്ള ഈ ബോട്ട് ഫ്ലോറിഡ കെയ്‌സിലെ മറീനയിൽ നിർത്തിയിട്ടിരിക്കുകയായിരുന്നുവെന്നും ഇത് കാണാതായതായി ഉടമ പരാതിപ്പെട്ടതായും ഫോക്സ് ന്യൂസ് റിപ്പോർട്ട് ചെയ്തു. സംഭവത്തിൽ ഗൗരവമായ അന്വേഷണം ആരംഭിക്കാൻ ഫ്ലോറിഡ അറ്റോർണി ജനറൽ നിർദ്ദേശം നൽകിയിട്ടുണ്ട്. ഫെഡറൽ ഏജൻസികളുമായി ചേർന്ന് ഈ വിഷയം പരിശോധിക്കുമെന്നും അദ്ദേഹം അറിയിച്ചു.



