ഭോപ്പാൽ: മധ്യപ്രദേശിലെ രേവ ജില്ലയിൽ ബിഹാദ് നദിക്ക് കുറുകെയുള്ള പാലത്തിൽ വിള്ളൽ കണ്ടെത്തിയതിനെ തുടർന്ന് ഏപ്രിൽ 30 വരെ ചരക്ക് വാഹനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തി. അയൽസംസ്ഥാനമായ ഉത്തർപ്രദേശിലെക്കുള്ള പ്രധാന പാതയിലാണ് വിള്ളൽ രൂപപ്പെട്ടത്.
പാലം അടച്ചതിനെ തുടർന്ന് പ്രയാഗ്രാജ്, വാരണാസി ഭാഗങ്ങളിലേയ്ക്ക് പോകേണ്ട ചരക്ക് വാഹനങ്ങൾ മൈഹാർ-സത്ന-ചിത്രകൂട് വഴി തിരിച്ചുവിട്ടതായി ഉദ്യോഗസ്ഥർ പറഞ്ഞു. ജില്ല ആസ്ഥാനത്ത് നിന്ന് ഏകദേശം അഞ്ച് കിലോമീറ്റർ അകലെയുള്ള ഈ മേൽപ്പാലം രണ്ട് പതിറ്റാണ്ട് മുമ്പ് നിർമിച്ചതായിരുന്നു. പാലത്തിന്റെ അറ്റകുറ്റപ്പണികൾ പുരോഗമിക്കുകയാണ്.
ഗതാഗത നിയന്ത്രണം കാരണം മൈഹാറിലെ ദേശിയ പാതയിൽ കിലോമീറ്ററുകളോളം നീണ്ട ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. ഗതാഗതം നിയന്ത്രക്കുന്നതിനും തടസങ്ങൾ ഒഴിവാക്കുന്നതിനുമായി പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. യാത്രക്കാരുടെ സൗകര്യാർഥം വിവിധയിടങ്ങളിൽ റൂട്ട് മാറ്റത്തെക്കുറിച്ചുള്ള സൂചന ബോർഡുകളും സ്ഥാപിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.



