കൊച്ചി: സിപിഎം- ബിജെപി ഡീല്‍ ഏറ്റുമാനൂർ, തൃപ്പൂണിത്തുറ മണ്ഡലങ്ങളിലുമുണ്ടെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സിപിഎം നേതാക്കളുടെ നാവില്‍നിന്നു പെയ്തു വീണ വൃത്തികെട്ട വാക്കുകള്‍ ശുചീകരിക്കാന്‍ സാംസ്കാരിക ഹരിതസേന രൂപീകരിക്കേണ്ടിവരുമെന്നും സതീശൻ പെരുന്പാവൂരിൽ മാധ്യമങ്ങളോടു പറഞ്ഞു.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപി വോട്ട് പിടിച്ച ഏറ്റുമാനൂരില്‍ ഇത്തവണ ട്വന്റി 20യാണ് സ്ഥാനാര്‍ഥി. തൃപ്പൂണിത്തുറയിൽ ബിജെപി കഴിഞ്ഞതവണ 23,000 വോട്ട് പിടിക്കുകയും ഇക്കുറി നഗരസഭ പിടിക്കുകയും ചെയ്ത സ്ഥലമാണ്. അവിടെയും ബിജെപിക്ക് സ്ഥാനാര്‍ഥിയില്ല. ട്വന്റി 20യാണ് മത്സരിക്കുന്നത്. കാസര്‍ഗോഡും മഞ്ചേശ്വരവും റാന്നിയും കോന്നിയും ചെങ്ങന്നൂരും ഏറ്റുമാനൂരും തൃപ്പൂണിത്തുറയും ഉള്‍പ്പെടെ നിരവധി സീറ്റുകളില്‍ ഡീലാണ്. ഇത്തവണത്തെ ഡീല്‍ യുഡിഎഫ് പൊളിച്ചടുക്കും.
മുഖ്യമന്ത്രിയോട് അങ്ങോട്ട് ഒന്നും ചോദിക്കാന്‍ പാടില്ല. ഓള് ഇന്ത്യ റേഡിയോയാണ്. ഒരാള്‍ ചോദ്യം ചോദിച്ചപ്പോള്‍ വീട്ടില്‍ പോയി ചേദിക്കാനാണ് മുഖ്യമന്ത്രി പറഞ്ഞത്. വീട്ടില്‍ അല്ല, തെരുവില്‍ ഇറങ്ങി ജനങ്ങള്‍ നിങ്ങളുടെ ദുഷ് ചെയ്തികളെ കുറിച്ച് ചോദിക്കും. ഡീല്‍ എന്ന് പറഞ്ഞപ്പോള്‍ മുഖ്യമന്ത്രി പ്രകോപിതനായി.
മുഖ്യമന്ത്രി മലയാള ഭാഷയ്ക്ക് സംഭാവന ചെയ്ത ചില വാക്കുകളുണ്ട്. പരനാറി, കുലംകുത്തി, ചെറ്റ. ഇപ്പോള്‍ ഐസക്കിന്റെ സംഭാവനായാണ് കോമാളി. ഒരു കലാകാരനെ കോമാളിയെന്ന് വിളിക്കുന്ന തരത്തിലേക്ക് കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടി അധഃപതിച്ചിരിക്കുകയാണ്. ചെറ്റ എന്ന വാക്ക് ചാരുതയുള്ള പ്രയോഗമാണെന്നാണ് പോളിറ്റ് ബ്യൂറോ അംഗം പറഞ്ഞത്.
ഭാഷയിലും സാംസ്കാരിക ഇടങ്ങളിലും പൊതുമണ്ഡലത്തിലും ഇവരുടെ നാവില്‍നിന്നു പെയ്തു വീണ വൃത്തികെട്ട വാക്കുകള്‍ ശുചീകരിക്കാന്‍ സാംസ്കാരിക ഹരിതസേന രൂപീകരിക്കേണ്ടിവരും. മുഖ്യമന്ത്രി എന്തിനാണ് ഇത്രയും പ്രകോപിതനാകുന്നതും മോശം വാക്കുകള്‍ ഉപയോഗിക്കുന്നതും? എത്രയോ മനോഹരമായ വാക്കുകളുള്ള മലയള ഭാഷയില്‍ നിന്നു കൊണ്ടാണ് ഇത്രയും വൃത്തികെട്ട വാക്കുകള്‍ ഉപയോഗിക്കുന്നത്.
മോഹന്‍ലാലുമായി നടത്തിയ അഭിമുഖത്തിന് ചെലവഴിച്ച പണം പിണറായി വിജയന് ഖജനാവിലേക്ക് തിരിച്ചടയ്ക്കണം. കമിഴ്ന്നുവീണാല്‍ കാല്‍പ്പണവുമായി പൊങ്ങുന്ന കൊള്ളക്കാരായി സിപിഎമ്മുകാര്‍ മാറിയെന്നും വി.ഡി. സതീശൻ പറഞ്ഞു.



