കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഉയർന്നുവന്ന സിപിഎം-എസ്ഡിപിഐ ബന്ധം സംബന്ധിച്ച ആരോപണങ്ങളെ രൂക്ഷമായ ഭാഷയിൽ തള്ളി സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി. ഇത്തരമൊരു ബന്ധം ഉണ്ടെന്ന പ്രചാരണം പൂർണ്ണമായും അടിസ്ഥാനരഹിതമാണെന്നും ഇത് യുഡിഎഫിന്റെ രാഷ്ട്രീയ തന്ത്രജ്ഞൻ സുനിൽ കനഗോലുവിന്റെ പുതിയ ‘ക്യാപ്‌സൂൾ’ ആണെന്നും അദ്ദേഹം പരിഹസിച്ചു. കാസർകോട് പ്രസ് ക്ലബ് സംഘടിപ്പിച്ച ‘വോട്ടും വാക്കും’ പരിപാടിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് കോൺഗ്രസ് പുതിയ നുണക്കഥകൾ പ്രചരിപ്പിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.

ആദ്യം അവർ പറഞ്ഞത് സിപിഎമ്മും ബിജെപിയും തമ്മിൽ ഡീൽ ഉണ്ടെന്നാണ്. ആ ആരോപണം ഏൽക്കാതെ വന്നപ്പോഴാണ് ഇപ്പോൾ എസ്ഡിപിഐ ബന്ധം എന്ന പുതിയ ക്യാപ്‌സൂളുമായി വരുന്നത്. ഇത് കനഗോലുവിന്റെ ബുദ്ധിയാണെന്ന് എം എ ബേബി പരിഹസിച്ചു. സിപിഎം വർഗീയ ശക്തികളുമായി ഒരു തരത്തിലുള്ള ചർച്ചകളും നടത്താറില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എസ്ഡിപിഐയെ ആർഎസ്എസിന്റെ ഉൽപ്പന്നമായാണ് സിപിഎം കാണുന്നത്. അവർ തങ്ങളുടെ വർഗീയ നിലപാടുകൾ തിരുത്താൻ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം, എസ്ഡിപിഐ വോട്ട് വേണ്ടെന്ന് പറയാൻ അദ്ദേഹം തയ്യാറായില്ല. എസ്ഡിപിഐ സിപിഎമ്മിനെ പിന്തുണയ്ക്കുമെന്ന് പറയുന്നത് അവരുടെ അനുഭവത്തിൽ നിന്നുള്ള പ്രതികരണമായിരിക്കാം. വോട്ട് ചെയ്യാനായി പോളിംഗ് ബൂത്തിൽ പോകുന്ന ഒരാളോട് വോട്ട് ചെയ്യരുതെന്ന് പറയാൻ ജനാധിപത്യ സംവിധാനത്തിൽ കഴിയില്ലല്ലോ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വർഗീയ ശക്തികളോട് ചർച്ച നടത്താറില്ലെങ്കിലും പിന്തുണ പ്രഖ്യാപിച്ചാൽ വോട്ട് ചെയ്യരുതെന്ന് പറയാനാകില്ലെന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്.

സ്ത്രീകളെ ജനറൽ സീറ്റുകളിൽ മത്സരിപ്പിക്കരുതെന്ന സമസ്ത നേതാവ് ഉമർ ഫൈസി മുക്കത്തിന്റെ പ്രസ്താവനയെ എം എ ബേബി കടുത്ത ഭാഷയിൽ വിമർശിച്ചു. ഉമർ ഫൈസിയുടെ നിലപാട് സ്ത്രീ തുല്യതയ്ക്ക് നിരക്കാത്തതാണ്. അത്തരം സ്ത്രീവിരുദ്ധ നിലപാടുകളോട് സിപിഎമ്മിന് യാതൊരു യോജിപ്പുമില്ല. സ്ത്രീകളെ സമൂഹത്തിന്റെ എല്ലാ രംഗത്തും ഉയർത്തിക്കൊണ്ടുവരിക എന്നതാണ് പാർട്ടിയുടെ പ്രഖ്യാപിത നിലപാട്. ഇതിന് വിരുദ്ധമായ ചിന്താഗതികൾ ആധുനിക കേരളത്തിന് ചേർന്നതല്ലെന്നും അദ്ദേഹം വ്യക്തമാക്കി.