മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ്റെ മകൾ വീണ തൈക്കണ്ടിക്കെതിരായ സി.എം.ആർ.എൽ മാസപ്പടി കേസിൽ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് നടത്തിയ റെയ്ഡിൽ പാർട്ടി സ്വീകരിച്ച നിലപാടിനെതിരെ സി.പി.എമ്മിനുള്ളിൽ കടുത്ത അതൃപ്തി. മകൾക്കെതിരായ അന്വേഷണം പാർട്ടിക്കെതിരായ വേട്ടയാടലായി ചിത്രീകരിച്ച് സി.പി.എം ഒന്നടങ്കം പ്രതിരോധം തീർത്തതാണ് കണ്ണൂരിലെ ചില നേതാക്കൾക്കിടയിൽ അമർഷത്തിന് കാരണമായിരിക്കുന്നത്. ഇതിൻ്റെ ഭാഗമായി പിണറായി പാണ്ട്യാല മുക്കിലെ വീടിന് മുൻപിൽ നടന്ന പ്രതിഷേധ ധർണ്ണയിൽ നിന്ന് ചില പ്രാദേശിക നേതാക്കൾ ബോധപൂർവ്വം വിട്ടുനിന്നതായി വിവരമുണ്ട്.

ഹൈക്കോടതി ഉത്തരവിൻ്റെ അടിസ്ഥാനത്തിൽ വീണയുടെ തിരുവനന്തപുരത്തെ വാടക വീട്ടിലും കണ്ണൂരിലെ വീട്ടിലും ഇ.ഡി റെയ്ഡ് നടത്തിയപ്പോൾ സി.പി.എം അതിശക്തമായാണ് രംഗത്തുവന്നത്. എന്നാൽ, അഞ്ച് വർഷം മുൻപ് അന്നത്തെ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ്റെ മകൻ ബിനീഷിനെതിരെ സമാനമായ അന്വേഷണം വന്നപ്പോൾ പാർട്ടി സ്വീകരിച്ച നിസ്സംഗതയാണ് ഇപ്പോൾ ചർച്ചയാകുന്നത്. വ്യക്തിതാൽപര്യങ്ങൾ സംരക്ഷിക്കാൻ പാർട്ടിയെ ഉപയോഗിക്കുന്നുവെന്നാണ് ഒരു വിഭാഗം നേതാക്കളുടെ വിമർശനം.

ബിനീഷ് കോടിയേരിക്കെതിരെ ഇ.ഡി അന്വേഷണം നടന്ന സമയത്ത് “നിയമം അതിൻ്റെ വഴിക്ക് പോകുമെന്നും കേസുകൾ കുടുംബം നോക്കിക്കൊള്ളുമെന്നുമാണ്” അന്ന് മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയൻ പത്രസമ്മേളനത്തിൽ പറഞ്ഞത്. അന്ന് കേന്ദ്ര ഏജൻസിക്ക് അനുകൂലമായ തരത്തിൽ മൃദുസമീപനം സ്വീകരിച്ച പിണറായി, തൻ്റെ മകളുടെ കാര്യത്തിൽ പാർട്ടി മെഷിനറിയെ ഒന്നാകെ ഉപയോഗിച്ച് പ്രതിരോധിക്കുകയാണെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു. കോടിയേരിയുടെ മകൻ്റെ കേസും മുഖ്യമന്ത്രിയുടെ മകളുടെ കേസും രണ്ടാണെന്നാണ് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ്റെ നിലപാട്.

ബിനീഷ് കോടിയേരിയുടെ തിരുവനന്തപുരത്തെ വീട്ടിൽ റെയ്ഡ് നടന്നപ്പോൾ വി. ശിവൻകുട്ടി മാത്രമാണ് പിന്തുണയുമായി എത്തിയത്. എന്നാൽ, പിണറായി വിജയൻ്റെ മകളെ അന്വേഷണ സംഘം ചോദ്യം ചെയ്തപ്പോൾ പോളിറ്റ് ബ്യൂറോയും പാർട്ടി ജനറൽ സെക്രട്ടറിയും സംസ്ഥാന സെക്രട്ടറിയുമടക്കം തെരുവിലിറങ്ങി കുത്തിയിരുപ്പ് സമരം നടത്തി. 

അതേസമയം, പിണറായി വിജയന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നടന്ന പ്രതിഷേധങ്ങളിൽ ബിനീഷ് കോടിയേരിയും സജീവമായി പങ്കെടുത്തത് ശ്രദ്ധേയമായി. പാർട്ടി തൻ്റെ അംഗത്വം ഇതുവരെ പുതുക്കി നൽകിയിട്ടില്ലെങ്കിലും, പാർട്ടിക്കെതിരായ കടന്നാക്രമണം ചെറുക്കാൻ താൻ മുൻനിരയിലുണ്ടാകുമെന്ന് ബിനീഷ് മാധ്യമങ്ങളോട് പറഞ്ഞു.