സിപിഐയിൽ നിലവിൽ നേതൃമാറ്റത്തിനുള്ള സാഹചര്യമില്ലെന്ന് വ്യക്തമാക്കി ബിനോയ് വിശ്വം. പ്രതിപക്ഷ ഉപനേതാവ് സ്ഥാനം സിപിഐക്ക് നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സാങ്കേതിക തടസ്സങ്ങൾ വലിയ പ്രശ്നമല്ലെന്നും മുൻപും ഇത്തരം സാഹചര്യങ്ങളിൽ പരിഹാര മാർഗങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്നും ബിനോയ് വിശ്വം പറഞ്ഞു. മന്ത്രിസഭയിലെ ഭൂരിഭാഗം മന്ത്രിമാരും വിജയിച്ചതിൽ അഭിമാനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സിപിഐയും സിപിഎമ്മും തമ്മിലുള്ള സമീപന വ്യത്യാസങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന്, “രണ്ടും രണ്ട് പാർട്ടികളാണ്” എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. പ്രതിപക്ഷ നേതാവിനെ തീരുമാനിക്കേണ്ടത് സിപിഎമ്മാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇടതുപക്ഷ നയവ്യതിയാനങ്ങൾ ഉണ്ടായപ്പോൾ തിരുത്തൽ ആവശ്യമായ ഘട്ടങ്ങളിൽ സിപിഐ ഇടപെട്ടിട്ടുണ്ടെന്നും ബിനോയ് വിശ്വം ചൂണ്ടിക്കാട്ടി. എലപ്പുള്ളി ബ്രൂവറി വിഷയവും പിഎംശ്രീ പദ്ധതിയും അതിന് ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു.



