രാജ്യം ഭരിക്കുന്ന ബി.ജെ.പി ലക്ഷണമൊത്ത ഫാസിസ്റ്റ് സംഘടനയാണെന്ന നിലപാടിൽ ഉറച്ചുനിന്ന് സി.പി.ഐ നേതൃത്വം. മുസ്സോളിനിയെയും ഹിറ്റ്‌ലറെയും വഴികാട്ടികളായി കരുതുന്ന ബി.ജെ.പി ഫാസിസ്റ്റാണെന്ന കാര്യത്തിൽ ആർക്ക് സംശയമുണ്ടെങ്കിലും കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് സംശയമില്ലെന്ന് ബിനോയ് വിശ്വം പറഞ്ഞു. സി.പി.ഐ കണ്ണൂർ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി എം.കെ. ശശി നഗറിൽ (നവനീതം ഓഡിറ്റോറിയം) നടന്ന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഹിറ്റ്‌ലറുടെയും മുസ്സോളിനിയുടെയും ഫാസിസ്റ്റ് ആശയം അതേപടി പകർത്തുന്നവരാണ് ആർ.എസ്.എസും അവർ തെളിക്കുന്ന വഴിയിലൂടെ സഞ്ചരിക്കുന്ന ബി.ജെ.പിയും. അവർ അർദ്ധഫാസിസ്റ്റാണോ നിയോഫാസിസ്റ്റാണോ എന്ന് ആർക്കെങ്കിലും തോന്നുന്നുണ്ടെങ്കിൽ അതൊന്നും കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് വിഷയമേയല്ല.

ആർ.എസ്.എസിന്റെ പുസ്തകമായ ‘വിചാരധാര’യിൽ അക്കമിട്ട് പറയുന്നുണ്ട് അവരുടെ ഒന്നാം ശത്രു മുസ്‌ലിങ്ങളും, രണ്ടാം ശത്രു ക്രിസ്ത്യാനികളും മൂന്നാം ശത്രു കമ്മ്യൂണിസ്റ്റുകാരുമാണെന്ന്. ഇന്ത്യയിൽ ജനിക്കുകയും ജീവിക്കുകയും മരിക്കുകയും ചെയ്യേണ്ടവരായ ഇന്ത്യയുടെ മക്കളെ ശത്രുക്കളായി കണക്കാക്കുന്നവരാണ് ആർ.എസ്.എസ്. അതുകൊണ്ട് ഇന്ത്യൻ രാഷ്ട്രീയത്തിലെ മുഖ്യ കടമ ഫാസിസ്റ്റുകാരെ ചെറുക്കുക എന്നതാണ്. ആ ചെറുത്തുനിൽപ്പിൽ യോജിപ്പിക്കാവുന്നവരെയെല്ലാം യോജിപ്പിക്കുന്നതിൽ മുന്നിൽ നിൽക്കുന്ന പാർട്ടിയാണ് സി.പി.ഐ.

ഫാസിസ്റ്റ് ശക്തികളെ ചെറുത്തുതോൽപ്പിക്കുകയെന്ന ലക്ഷ്യത്തോടെ രൂപംകൊണ്ടതാണ് ‘ഇന്ത്യാസഖ്യം’. എന്നാൽ, ഇന്ത്യാസഖ്യത്തിന്റെ പ്രവർത്തനത്തിൽ വഹിക്കേണ്ട പങ്ക് കോൺഗ്രസ് പാർട്ടിക്ക് വഹിക്കാനായില്ല. അവർ ചിന്തിച്ചത് പാർട്ടിക്കകത്തെ താത്പര്യങ്ങൾ മാത്രമാണ്. അല്ലാതെ, ഇന്ത്യാസഖ്യത്തിന് പൂർത്തീകരിക്കേണ്ട വിശാലമായ ലക്ഷ്യങ്ങളെപ്പറ്റി കോൺഗ്രസ് പാർട്ടിക്ക് ചിന്തിക്കാനായില്ല. അതുകൊണ്ട് ഇന്ത്യാസഖ്യത്തിന് വേണ്ടത്ര മുന്നോട്ട് പോകാനായില്ല. അതല്ലായിരുന്നെങ്കിൽ ഇന്ന് ബി.ജെ.പിയെ തോൽപ്പിക്കാൻ സാധിക്കുമായിരുന്നു. എന്നാൽ അത് സാധിക്കാതെ പോയത് കോൺഗ്രസ് കാണിച്ച രാഷ്ട്രീയമായ ദൂരക്കാഴ്ചയില്ലായ്മയുടെ ഫലമാണെന്നതാണ് വസ്തുത.

മോദി സർക്കാരിന്റെ ഏറ്റവും പ്രധാനപ്പെട്ട വാഗ്ദാനം ‘ആത്മനിർഭർ ഭാരത്’ എന്നതാണ്. എന്നാൽ, സ്വയംപര്യാപ്തമായ ഇന്ത്യ എന്ന അദ്ദേഹത്തിന്റെ പ്രഖ്യാപനത്തിന് യാതൊരു ആത്മാർത്ഥയുമില്ല. അത് വെറും വായ്ത്താരി മാത്രമായിരുന്നു. അവർക്ക് രാജ്യത്തിന്റെ സാമ്പത്തിക ലക്ഷ്യങ്ങളെപ്പറ്റിയുള്ള കാഴ്ചപാടില്ല. സാമ്പത്തിക രംഗത്ത് എന്ത് പറയുമ്പോഴും മോദിയുടെ ഇഷ്ടവാക്ക് ‘ഫോറിൻ ഡയറക്ട് ഇൻവെസ്റ്റ്’ എന്നതാണ്.

ആത്മനിർഭർ ഭാരത് പൂർത്തീകരിക്കാനുള്ള മാർഗമായാണ് വിദേശ പ്രത്യക്ഷ നിക്ഷേപം എന്ന ആശയം മുന്നോട്ട് വെച്ചത്. എന്നാൽ കൊടുംവഞ്ചനയാണ് രാജ്യത്തോട് അവർ ചെയ്തത്. വിദേശക്കൊള്ളക്കാർക്ക് നാടിന്റെ പൂട്ടും താക്കോലും ഏൽപ്പിക്കുകയാണ് മോദി സർക്കാർ. ജനങ്ങളെയും തൊഴിലാളികളെയും കൃഷിക്കാരെയുമെല്ലാം ഒന്നിച്ചണിനിരത്തിക്കൊണ്ടുള്ള മുന്നേറ്റം കൊണ്ടു മാത്രമേ ആത്മനിർഭർ ഭാരത് ആക്കാൻ പറ്റുകയുള്ളൂ. മോദി സർക്കാരിന്റെ തെറ്റായ നീക്കങ്ങൾ മറച്ചുവെക്കാൻ ജനശ്രദ്ധ തിരിച്ചുവിടാൻ അവർ മതങ്ങളെയും വിശ്വാസങ്ങളെയും ദൈവത്തെയും കരുവാക്കുന്നു. ജനങ്ങളെ ഭിന്നിപ്പിക്കാൻ എന്താണ് മാർഗ്ഗമെന്നാണ് ബി.ജെ.പി ഓരോ ദിവസവും ചിന്തിക്കുന്നത്.

മതഭ്രാന്തിന്റെ വാഹകരാണ് ബി.ജെ.പി. മതം എന്നത് ഇന്ത്യയിൽ യാഥാർത്ഥ്യമാണെങ്കിലും മതഭ്രാന്തിനെ അംഗീകരിക്കാനാവില്ല. മതഭ്രാന്തിനെ എതിർക്കാൻ നീതിബോധമുള്ളവരുടെയെല്ലാം സഹായം തേടും. നമ്മുടെ എതിരാളി മതഭ്രാന്താണ്. മതഭ്രാന്ത് ഫാസിസ്റ്റ് രാഷ്ട്രീയവുമായി കൂടിച്ചേരുമ്പോൾ നീതിയും വിശ്വാസവും ദൈവവുമെല്ലാം കുടിയിറങ്ങുന്നു.

വിമർശനവും ചർച്ചകളും കമ്മ്യൂണിസ്റ്റ് പാർട്ടിയെ ദുർബലമാക്കില്ലെന്ന ബോധ്യം യഥാർത്ഥ കമ്മ്യൂണിസ്റ്റുകാരനുണ്ട്. എന്നാൽ വിമർശനങ്ങൾ പാർട്ടിക്കകത്താകണം, അല്ലാതെ സോഷ്യൽ മീഡിയയിലൂടെയല്ല നടത്തേണ്ടത്. സോഷ്യൽ മീഡിയകൾ പാർട്ടിക്കകത്ത് കുത്തിത്തിരുപ്പുണ്ടാക്കാൻ ഉപയോഗിക്കരുത്. പകരം സത്യത്തിനു വേണ്ടിയും ജനനന്മക്കും വേണ്ടിയും ഉപയോഗിക്കണം.