മണിപ്പൂരിൽ രണ്ട് കഫ് സിറപ്പ് ബ്രാൻഡുകൾക്ക് സർക്കാർ നിരോധനം ഏർപ്പെടുത്തി. ‘ഡൈതലീൻ ഗ്ലൈക്കോൾ’ എന്ന അത്യധികം വിഷാംശമുള്ള രാസവസ്തു സിറപ്പുകളിൽ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഗുജറാത്തിൽ നിർമ്മിച്ച “റിലൈഫ്”, “റെസിപ്ഫ്രഷ് ടിആർ” എന്നീ സിറപ്പുകളാണ് മലിനമായതായി സ്ഥിരീകരിച്ചത്. ഈ വിഷാംശം കടുത്ത വൃക്കസ്തംഭനത്തിനും മരണത്തിനും വരെ കാരണമാകാം.
നിരോധനത്തെ തുടർന്ന്, എല്ലാ കടകളിൽ നിന്നും ഫാർമസികളിൽ നിന്നും ഈ മരുന്നുകൾ ഉടൻ നീക്കം ചെയ്യാൻ ഡ്രഗ്സ് കൺട്രോൾ ഡിപ്പാർട്ട്‌മെന്റ് നിർദേശം നൽകി. സംസ്ഥാനത്തെ ആശുപത്രികളിലും കടകളിലും കർശന നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. ഉപഭോക്താക്കൾ ഈ സിറപ്പുകൾ വാങ്ങുകയോ ഉപയോഗിക്കുകയോ ചെയ്യരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.