ഫ്രാൻസിലെ മിക്ക കത്തോലിക്കാ പുരോഹിതന്മാരും തങ്ങളുടെ ശുശ്രൂഷയെക്കുറിച്ച് സംതൃപ്തിയുള്ളവരാണെന്ന് രാജ്യവ്യാപകമായി നടത്തിയ സർവ്വേയിൽ കണ്ടെത്തി. ഫ്രാൻസിലെ ബഹുഭൂരിപക്ഷം പുരോഹിതന്മാരും തങ്ങൾ സന്തുഷ്ടരാണെന്ന് പറയുന്നതായി ഒബ്സർവേറ്ററി ഓഫ് കാത്തലിസിസം, ഫ്രഞ്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഒപിനിയൻ ( IFOP ) മായി ചേർന്ന് നടത്തിയ ഒരു പുതിയ സർവേയിൽ പറയുന്നു. ജൂണിൽ സ്ഥാപിതമായ ഈ നിരീക്ഷണാലയം ഫ്രാൻസിലെ കത്തോലിക്കാ ജീവിതത്തെക്കുറിച്ച് പതിവായി ശാസ്ത്രീയ പഠനങ്ങൾ നടത്തുകയാണ് ലക്ഷ്യമിടുന്നത്.

ഒക്ടോബർ 16 മുതൽ 30 വരെ നടത്തിയ ‘ദി പ്രീസ്റ്റ്‌ഹുഡ് ടുഡേ’ എന്ന പഠനത്തിലാണ് ഈ വെളിപ്പെടുത്തൽ ഉള്ളത്. ഫ്രാൻസിലെ സഭയുടെ നിലവിലെ സാഹചര്യത്തിൽ പൗരോഹിത്യത്തിന്റെ യാഥാർത്ഥ്യം മനസ്സിലാക്കുക എന്ന ലക്ഷ്യത്തോടെ, പുരോഹിതരുടെ പ്രതീക്ഷകൾ, ദൈനംദിന സാഹചര്യങ്ങൾ, പ്രതിബദ്ധതകൾ എന്നിവയെക്കുറിച്ചുള്ള ഏകദേശം 40 ചോദ്യങ്ങൾ സർവേയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഒബ്സർവേറ്ററി ഡയറക്ടർ ഔറേലി പിരില്ലോ സർവ്വേ ഫലങ്ങളെ ‘പോസിറ്റീവ്’ എന്ന് വിളിച്ചു. 80% പുരോഹിതന്മാരും തങ്ങളുടെ ദൗത്യത്തിൽ സന്തുഷ്ടരാണ് എന്ന് പറഞ്ഞു. അവരുടെ ഉള്ളിൽ വസിക്കുന്ന വിശ്വാസത്തിൽ നിന്നാണ് പുരോഹിതന്മാർ സന്തോഷം കണ്ടെത്തുന്നതെന്ന് സർവ്വേ റിപ്പോർട്ട് വെളിപ്പെടുത്തുന്നു. “പലർക്കും വളരെ അടുപ്പമുള്ള ഒരു കുടുംബമുണ്ട്, അവർ അവരെ പിന്തുണയ്ക്കുന്നു, അവരിൽ നിന്ന് അവർക്ക് സഹായവും വീണ്ടും ശക്തി പ്രാപിക്കാനുള്ള അവസരവും ലഭിക്കുന്നു” റിപ്പോർട്ടിൽ പറയുന്നു.