പാകിസ്താനില്‍ നിന്നും പാക് അധീന കശ്മീരില്‍ നിന്നും ഉയർന്നു വരുന്ന എല്ലാതരം ഭീകരതക്കെതിരെയും ഇന്ത്യക്ക് ഉറച്ച ദേശീയ നയമുണ്ടെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. എക്സ് പോസ്റ്റിലായിരുന്നു കോണ്‍ഗ്രസ് പ്രതികരണം.

പാകിസ്താനിലും പാക് അധീന കശ്മീരിലും ഇന്ത്യൻ സായുധസേന നടത്തിയ ആക്രമണത്തില്‍ അഭിമാനമുണ്ട്. സേനയുടെ ദൃഢനിശ്ചയത്തേയും ധൈര്യത്തേയും ഞങ്ങള്‍ അഭിനന്ദിക്കുന്നു. പഹല്‍ഗാം ഭീകരാക്രമണം മുതല്‍ ഇന്ത്യൻ സേനക്കൊപ്പം കോണ്‍ഗ്രസ് ഉറച്ച്‌ നില്‍ക്കുകയാണ്.

ദേശീയ ഐക്യവും ഐക്യദാർഢ്യവും കാലഘട്ടത്തിന്റെ ആവശ്യമാണ്. കോണ്‍ഗ്രസ് സായുധ സേനകള്‍ക്കൊപ്പം നില്‍ക്കുന്നു. നമ്മുടെ നേതാക്കള്‍ മുൻകാലങ്ങളില്‍ വഴികാട്ടി തന്നിട്ടുണ്ട്. ദേശീയതാല്‍പര്യമാണ് തങ്ങള്‍ക്ക് പരമപ്രധാനമെന്നും കോണ്‍ഗ്രസ് എക്സ് കുറിപ്പില്‍ വ്യക്തമാക്കി.

ഇന്ത്യയുടെ സർജിക്കല്‍ സ്ട്രൈക്കില്‍ പ്രതികരിച്ച്‌ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും രംഗത്തെത്തി. ഇന്ത്യൻ സായുധസേനയില്‍ അഭിമാനിക്കുന്നുവെന്ന കുറിപ്പ് എക്സിലൂടെ പങ്കുവെച്ചാണ് രാഹുല്‍ ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിന് പിന്തുണയറിയിച്ചത്.