സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഭരണകാലത്തെ കുറിച്ചുള്ള ആരോപണങ്ങൾ ഉന്നയിച്ച് സംസ്ഥാന സർക്കാർ പത്രങ്ങളിൽ നൽകിയ പരസ്യങ്ങൾക്കെതിരെ കോൺഗ്രസ് രംഗത്ത്. പ്രമുഖ ഇംഗ്ലീഷ്, മലയാളം പത്രങ്ങളിൽ ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്‌മെന്റ് (PRD) വഴി നൽകിയ പരസ്യങ്ങൾ നികുതിപ്പണം ദുരുപയോഗം ചെയ്യുന്നതാണെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിച്ചു.

കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, മുതിർന്ന നേതാവ് രമേശ് ചെന്നിത്തല എന്നിവർ സർക്കാരിനെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ചു.

ആരോഗ്യ പ്രവർത്തകർക്കും ആശാ വർക്കർമാർക്കും വേതനം വർദ്ധിപ്പിക്കാൻ പണമില്ലെന്ന് പറയുന്ന സർക്കാർ, തങ്ങളുടെ തകർന്ന പ്രതിച്ഛായ വീണ്ടെടുക്കാൻ കോടിക്കണക്കിന് രൂപയാണ് ചെലവഴിക്കുന്നതെന്ന് കെ സി വേണുഗോപാൽ കുറ്റപ്പെടുത്തി. ഉമ്മൻ ചാണ്ടി ജീവിച്ചിരുന്നപ്പോൾ വേട്ടയാടിയവർ മരിച്ച ശേഷവും അദ്ദേഹത്തിന്റെ ജനപ്രീതിയെ ഭയപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു.