കൊച്ചി: കോണ്‍ഗ്രസ് നേതൃത്വം കൈവിടില്ലെന്ന വിശ്വാസത്തിലാണ് താന്‍ എന്ന് എല്‍ദോസ് കുന്നപ്പിള്ളി എംഎൽഎ. പെരുമ്പാവൂരില്‍ സീറ്റ് നല്കുകയാണെങ്കില് കുറഞ്ഞത് 15,000 വോട്ടിന്റെ ലീഡിന് താന്‍ ജയിക്കുമെന്നും എൽദോസ് അവകാശപ്പെട്ടു.
പെരുമ്പാവൂരില്‍ 2500 കോടി രൂപയുടെ വികസന പദ്ധതികള്‍ കൊണ്ടുവന്നിട്ടുണ്ട്. പാര്‍ട്ടി പ്രവര്‍ത്തകരുടെ പിന്തുണയുണ്ട്. നീതിക്ക് വിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും എല്‍ദോസ് കുന്നപ്പിള്ളി മാധ്യമങ്ങളോട് പറഞ്ഞത്.
കെസ്യുവിലൂടെയും യൂത്ത് കോണ്‍ഗ്രസിലൂടെയും കടന്നു വന്ന പ്രവര്‍ത്തകനാണ് ഞാൻ. എംഎല്‍എ ആകുമെന്ന് വിചാരിച്ചല്ല ഞാന്‍ പാര്‍ട്ടിയിലേക്ക് വന്നത്. ഒരു പഞ്ചായത്ത് മെമ്പര്‍ ആകണമെന്ന് മാത്രമേ ഞാന്‍ ആഗ്രഹിച്ചിരുന്നുള്ളു. എംഎല്‍എ വരെ ആകാനുള്ള ഭാഗ്യമുണ്ടായി. കഴിഞ്ഞ പത്തു വര്‍ഷമായി പെരുമ്പാവൂരിലെ ജനപ്രതിനിധി എന്ന നിലയില്‍ കഠിനാധ്വാനം ചെയ്തിട്ടുണ്ട്. ഈ പത്തു വര്‍ഷം കൊണ്ട് പെരുമ്പാവൂരില്‍ അസാധ്യമായ പല കാര്യങ്ങളും ചെയ്തു.
ബൈപ്പാസ് നിര്‍മാണം ആരംഭിച്ചു, റയോണ്‍സ് പ്രശ്നങ്ങള്‍ തീര്‍ത്തു, പാര്‍ക്ക് പണിതു, ആശുപത്രികള്‍ നവീകരിച്ചു അങ്ങനെ ഒട്ടേറെ കാര്യങ്ങള്‍ ചെയ്തു. 2500 കോടി രൂപയുടെ വികസന പദ്ധതികള്‍ കൊണ്ടുവരാന്‍ കഴിഞ്ഞിട്ടുണ്ട്. ഈയവസരത്തിലാണ് ഞാന്‍ വീണ്ടും മത്സരിക്കണമെന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ പറഞ്ഞത്.
പെരുമ്പാവൂരിലെ മുന്‍സിപ്പല്‍ ചെയര്മാന്, ഏഴു പഞ്ചായത്ത് പ്രസിഡന്റുമാരും എന്നെയാണ് പിന്തുണച്ചത്. ഭൂരിപക്ഷം പ്രവര്‍ത്തകരും ഞാന്‍ വീണ്ടും മത്സരിക്കണം എന്നാണ് ആവശ്യപ്പെട്ടത്.
ഏറ്റവും ചുരുങ്ങിയത് 15000 വോട്ടിന് എനിക്ക് ജയിക്കാന്‍ കഴിയും. സുഖമില്ലാതിരുന്നിട്ടും ഇന്നലെ 135 വീടുകള്‍ സന്ദര്‍ശിച്ചു. 15000 ഭവനങ്ങളില്‍ കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് കയറിയിറങ്ങി. പെരുമ്പാവൂരിലെ മുന്‍സിപാലിറ്റി, ഏഴു പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് സീറ്റുകള്‍ എല്ലാം ഞങ്ങള്‍ പിടിച്ചു. അന്നും എനിക്ക് കേസ് ഉണ്ടായിരുന്നില്ലേ. 2016ല്‍ എനിക്ക് 7500 വോട്ടിന്റെ ലീഡ് ഉണ്ട്.
നേതൃത്വം എനിക്ക് ഒരു അവസരം കൂടി തരുമെന്നാണ് വിശ്വസം. പാര്‍ട്ടി പ്രവര്‍ത്തകരുടെ പിന്തുണ എനിക്കുണ്ട്. എന്റെ കേസുമായി ബന്ധപ്പെട്ട് മുഴുവന്‍ ഫയലും നല്‍കിയിട്ടുണ്ട്. അത് പരിശോധിക്കാം. നീതിക്ക് വിരുദ്ധമായ ഒന്നും ചെയ്തിട്ടില്ലെന്നും എൽദോസ് പറഞ്ഞു.



