ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ ഇട്ടൂരി പ്രവിശ്യയിൽ ഈസ്റ്റർ വാരത്തിലുണ്ടായ ആക്രമണത്തിൽ 43 പേർ കൊല്ലപ്പെട്ടു. ഐസിസ് ബന്ധമുള്ള സായുധഗ്രൂപ്പായ അലൈഡ് ഡെമോക്രാറ്റിക് ഫോഴ്‌സ് (ADF) ആണ് ബഫ്വാക്കാവോ ഗ്രാമത്തിൽ ഈ ക്രൂരകൃത്യം നടത്തിയത്.

​ഏപ്രിൽ രണ്ടിന് രാത്രിയാണ് ആയുധധാരികളായ അക്രമികൾ ഗ്രാമത്തിൽ അതിക്രമിച്ചു കയറിയത്. ​ഗ്രാമത്തിലെ 60 ശതമാനത്തോളം വീടുകൾ ഭീകരർ തീയിട്ടു നശിപ്പിച്ചു. ​മൃതദേഹങ്ങൾ വെട്ടിപ്പരിക്കേൽപ്പിക്കപ്പെട്ട നിലയിലും വെടിയേറ്റ നിലയിലുമാണ് കണ്ടെത്തിയത്.

​നിരവധി ആളുകളെ അക്രമികൾ തട്ടിക്കൊണ്ടുപോയതായും റിപ്പോർട്ടുകളുണ്ട്. ​അതേസമയം, ബുട്ടെംബോ – ബേനി ബിഷപ്പ് മെൽക്കിസെഡെക് സികുലി പലുകു, തന്റെ ഈസ്റ്റർ പ്രസംഗത്തിൽ ഈ കൂട്ടക്കൊലയെ ശക്തമായി അപലപിച്ചു. പൗരന്മാരുടെ ജീവനും സ്വത്തും സംരക്ഷിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

​ആക്രമണത്തെത്തുടർന്ന് പരിഭ്രാന്തരായ ജനങ്ങൾ പലായനം ചെയ്യുകയാണ്. സൈന്യത്തിന്റെ ഭാഗത്തു നിന്നുണ്ടായ വീഴ്ചയെക്കുറിച്ച് പ്രാദേശിക സംഘടനകൾ പരാതി ഉന്നയിച്ചിട്ടുണ്ട്. ഇതിനിടെ ആക്രമണത്തിന് പിന്നിലെന്നു സംശയിക്കുന്ന ഒരു എഡിഎഫ് പോരാളിയെ പ്രകോപിതരായ നാട്ടുകാർ പിടികൂടി വധിച്ചതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.