ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ കിഴക്കൻ മേഖലയിലുള്ള കൊൾട്ടൻ ഖനിയിലുണ്ടായ അതിശക്തമായ ഉരുൾപൊട്ടലിൽ 200-ഓളം പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. എം23 (M23) എന്ന സായുധ വിമത ഗ്രൂപ്പിൻ്റെ നിയന്ത്രണത്തിലുള്ള നോർത്ത് കിവു പ്രവിശ്യയിലെ റുബായ ഖനന മേഖലയിലാണ് ദാരുണമായ അപകടം സംഭവിച്ചത്.

ആശയവിനിമയ സംവിധാനങ്ങളുടെ തകരാറും പ്രദേശത്തെ സുരക്ഷാ പ്രശ്നങ്ങളും കാരണം രക്ഷാപ്രവർത്തനം കടുത്ത വെല്ലുവിളിയാണ് നേരിടുന്നതെന്ന് വാർത്താ ഏജൻസിയായ എഎഫ്പി റിപ്പോർട്ട് ചെയ്തു.

ബുധനാഴ്ച ഉച്ചയോടെയാണ് ഒരു മലനിരയുടെ ഭാഗം ഇടിഞ്ഞുവീണ് ഖനിത്തൊഴിലാളികളും അവശിഷ്ടങ്ങൾ ശേഖരിക്കുന്നവരും മണ്ണടിയിലായത്. വ്യാഴാഴ്ച രാവിലെ രണ്ടാമതും ഉരുൾപൊട്ടലുണ്ടായതോടെ ദുരന്തത്തിൻ്റെ വ്യാപ്തി വർദ്ധിച്ചു. വിമതർ നിയമിച്ച പ്രാദേശിക അധികൃതർ നൽകുന്ന വിവരമനുസരിച്ച്, മൃതദേഹങ്ങൾ പുറത്തെടുക്കുന്നതോടെ മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ട്.

രക്ഷാപ്രവർത്തനത്തെ ബാധിച്ച ആശയവിനിമയ തടസ്സം

ദുരന്തബാധിത പ്രദേശത്ത് നിന്നുള്ള വിവരങ്ങൾ പുറത്തെത്താൻ വലിയ താമസം നേരിടുന്നുണ്ട്. മേഖലയിലെ ഫോൺ നെറ്റ്‌വർക്കുകൾ ദിവസങ്ങളായി തകരാറിലായതും വിമതർ പ്രദേശം പിടിച്ചടക്കിയപ്പോൾ സർക്കാർ ഉദ്യോഗസ്ഥരും സാമൂഹിക പ്രവർത്തകരും പലായനം ചെയ്തതും സ്ഥിതിഗതികൾ വഷളാക്കി.

അപകടവിവരങ്ങൾ ബൈക്ക് യാത്രക്കാരായ സന്ദേശവാഹകർ വഴിയാണ് അധികൃതർക്ക് ലഭിക്കുന്നത്. തുള്ളിതുളളിയായാണ് വിവരങ്ങൾ ലഭിക്കുന്നതെന്നും അതിനാൽ ഇരകളുടെ കൃത്യമായ എണ്ണം സ്ഥിരീകരിക്കാൻ ബുദ്ധിമുട്ടാണെന്നും മാനുഷിക സഹായ ഏജൻസികൾ വ്യക്തമാക്കുന്നു.

ലോകത്തെ കൊൾട്ടൻ വിപണിയും റുബായ ഖനിയും

സ്മാർട്ട്‌ഫോണുകൾ, ലാപ്ടോപ്പുകൾ, കമ്പ്യൂട്ടറുകൾ എന്നിവയുടെ നിർമ്മാണത്തിന് അത്യാവശ്യമായ കൊൾട്ടൻ (Coltan) എന്ന ധാതുവിന്റെ ലോകത്തിലെ ഏറ്റവും വലിയ ഉറവിടങ്ങളിലൊന്നാണ് റുബായ ഖനി. ആഗോള കൊൾട്ടൻ വിതരണത്തിന്റെ 15 മുതൽ 30 ശതമാനം വരെ ഇവിടെ നിന്നാണ് ലഭിക്കുന്നത്.

ഈ ഖനിയുടെ നിയന്ത്രണം എം23 വിമതർക്ക് വലിയ സാമ്പത്തിക ലാഭമാണ് നൽകുന്നത്. ഖനനത്തിന് നികുതി ചുമത്തുന്നതിലൂടെ പ്രതിമാസം ലക്ഷക്കണക്കിന് ഡോളറാണ് ഇവർ സമ്പാദിക്കുന്നത്. കിഴക്കൻ കോംഗോയിലെ ധാതുസമ്പത്ത് ഇവിടുത്തെ സംഘർഷങ്ങൾ വർദ്ധിപ്പിക്കുന്ന പ്രധാന ഘടകമാണ്.

യുദ്ധവും ധാതുസമ്പത്തും

എം23 വിമതർക്ക് അയൽരാജ്യമായ റുവാണ്ട സൈനിക സഹായം നൽകുന്നുണ്ടെന്ന് ഐക്യരാഷ്ട്രസഭ നേരത്തെ ആരോപിച്ചിരുന്നു. എന്നാൽ റുവാണ്ട ഇത് നിഷേധിക്കുകയാണ് പതിവ്. വിമതരുടെ അനധികൃത ഖനനവും സംഘടിത കൊള്ളയുമാണ് ഇത്തരമൊരു ദുരന്തത്തിന് കാരണമെന്ന് കോംഗോ സർക്കാർ കുറ്റപ്പെടുത്തി.

ഖനിത്തൊഴിലാളികൾ ജോലി ചെയ്യുന്ന മോശം സാഹചര്യങ്ങൾ അന്താരാഷ്ട്ര സമൂഹം തിരിച്ചറിയണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. ദശകങ്ങളായി തുടരുന്ന ആഭ്യന്തര യുദ്ധം കാരണം 70 ലക്ഷത്തിലധികം ആളുകളാണ് ഈ മേഖലയിൽ ഭവനരഹിതരായത്.