സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ ടെറസിൽ റെസ്റ്റോറന്റ് തുറക്കുമെന്ന വാർത്ത വത്തിക്കാൻ നിഷേധിച്ചു. എന്നാൽ, സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ ടെറസിൽ നിലവിലുള്ള ഒരു ചെറിയ കോഫി, ഡ്രിങ്ക്സ് ബാർ വികസിപ്പിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായി വത്തിക്കാൻ അറിയിച്ചു.
വത്തിക്കാൻ ബസിലിക്കയുടെ ടെറസിൽ ഒരു ‘ബിസ്ട്രോ’ (ലഘുഭക്ഷണശാല) തുറക്കുന്നതിനുള്ള നവീകരണപ്രവർത്തനങ്ങൾ നടന്നുവരികയാണെന്ന് ഇറ്റാലിയൻ പത്രമായ ഇൽ മെസാഗെറോ വെളിപ്പെടുത്തി. “സന്ദർശകരുടെ എണ്ണം വർധിക്കുന്നത് കണക്കിലെടുത്ത്, തീർഥാടകർക്ക് പ്രവേശിക്കാൻ കഴിയുന്ന ടെറസ് ഏരിയ വികസിപ്പിക്കുന്നത് പരിഗണിക്കുന്നുണ്ട്” – ബസിലിക്കയുടെ കമ്മ്യൂണിക്കേഷൻസ് ഓഫീസ് വത്തിക്കാൻ പറഞ്ഞു.
സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ ടെറസിൽ ഇപ്പോൾ കാപ്പി, പാനീയങ്ങൾ, ഐസ്ക്രീം എന്നിവ വിളമ്പുന്ന ഒരു ചെറിയ കഫേ ഉണ്ട്. പള്ളിയുടെ മുകളിലും താഴികക്കുടത്തിനു താഴെയുമായി സ്ഥിതിചെയ്യുന്ന കഫേ, സെന്റ് പീറ്റേഴ്സ് ഡോം സന്ദർശിക്കാൻ കയറുന്ന തീർഥാടകർക്കുള്ള പടികളുടെ പകുതി മുകളിലായാണുള്ളത്.
ഈ സ്ഥലത്തിന്റെ പവിത്രതയെ മാനിച്ചും തീർഥാടകരുടെ ആവശ്യങ്ങൾ നിറവേറ്റുന്ന തരത്തിലുള്ള, സന്ദർഭത്തിന് അനുയോജ്യമായ ശാന്തമായ ശൈലിയിൽ, നിലവിലുള്ള ചെറിയ റിഫ്രഷ്മെന്റ് ഏരിയ വികസിപ്പിക്കും. ഈ വിപുലീകരണം ബസിലിക്കയ്ക്കുള്ളിലെ സന്ദർശകരുടെ സാന്ദ്രത കുറയ്ക്കുകയും കൂടുതൽ ധ്യാനാത്മകമായ അന്തരീക്ഷം പ്രോത്സാഹിപ്പിക്കുകയും ചെയ്യുമെന്നും പ്രസ്താവനയിൽ പറയുന്നു.



