വർഗീയതയ്ക്കെതിരെ എല്ലാ മതവിഭാഗങ്ങളിലുമുള്ള മതേതര വിശ്വാസികൾ ഒരുമിച്ച് നിൽക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആഹ്വാനം ചെയ്തു. സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ (Samastha) ശതാബ്ദി സമ്മേളനത്തിന്റെ ഭാഗമായി കാസർഗോഡ് കുനിയയിൽ നടന്ന ബൃഹത്തായ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വർഗീയത രാജ്യത്തിൻ്റെ ബഹുസ്വരതയ്ക്കും മതേതര ഘടനയ്ക്കും ഗുരുതരമായ ഭീഷണിയാണ് ഉയർത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. മതേതര പ്ലാറ്റ്ഫോമുകൾക്ക് മാത്രമേ വർഗീയതയെ ഫലപ്രദമായി പ്രതിരോധിക്കാൻ കഴിയൂ എന്നും അല്ലാത്തപക്ഷം അത് വർഗീയ പാർട്ടികളെ ശക്തിപ്പെടുത്താൻ മാത്രമേ സഹായിക്കൂ എന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ഭീകരവാദത്തോടും തീവ്രവാദത്തോടും വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് സമസ്ത സ്വീകരിച്ചിട്ടുള്ളതെന്ന് മുഖ്യമന്ത്രി പ്രശംസിച്ചു. കേരളത്തെ ഒരു മതേതര സമൂഹമായി രൂപപ്പെടുത്തുന്നതിൽ സമസ്ത വലിയ പങ്ക് വഹിച്ചിട്ടുണ്ട്.



