ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ പൗരത്വവുമായി ബന്ധപ്പെട്ട കേസിൽ നിർണ്ണായക വഴിത്തിരിവ്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം സമർപ്പിച്ച രേഖകൾ ‘അതീവ രഹസ്യ’ സ്വഭാവമുള്ളതാണെന്ന് ചൂണ്ടിക്കാട്ടിയതിനെത്തുടർന്ന് അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ച് അടച്ചിട്ട മുറിയിൽ വാദം കേട്ടു. രാഹുൽ ഗാന്ധിക്ക് ബ്രിട്ടീഷ് പൗരത്വമുണ്ടെന്ന ആരോപണത്തിൽ ആഭ്യന്തര മന്ത്രാലയം നടത്തിയ അന്വേഷണത്തിന്റെ പൂർണ്ണരൂപമാണ് കോടതി പരിശോധിച്ചത്.
തുറന്ന കോടതിയിൽ വാദം കേൾക്കുന്നത് രേഖകളുടെ രഹസ്യ സ്വഭാവത്തെ ബാധിക്കുമെന്ന് കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ സീനിയർ അഡ്വക്കേറ്റ് എസ്.ബി. പാണ്ഡെ കോടതിയെ അറിയിച്ചു. ജസ്റ്റിസ് രാജീവ് സിംഗ് ഈ അഭ്യർത്ഥന സ്വീകരിക്കുകയും തന്റെ ചേംബറിൽ വെച്ച് വാദം കേൾക്കുകയുമായിരുന്നു. ആഭ്യന്തര മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥർ നേരിട്ടെത്തിയാണ് ഫയലുകൾ കോടതിയിൽ ഹാജരാക്കിയത്.
ബ്രിട്ടനിലെ ‘ബാക്കോപ്സ്’ (Backops Ltd) എന്ന കമ്പനിയുടെ രേഖകളിൽ രാഹുൽ ഗാന്ധി തന്റെ പൗരത്വം ബ്രിട്ടീഷ് എന്ന് രേഖപ്പെടുത്തിയെന്നാണ് ഹർജിക്കാരനായ എസ്. വിഘ്നേഷ് ശിശിർ ആരോപിക്കുന്നത്. ഈ പരാതിയിൽ 2019-ൽ കേന്ദ്ര സർക്കാർ രാഹുൽ ഗാന്ധിക്ക് നോട്ടീസ് അയച്ചിരുന്നു. ഈ നോട്ടീസിന്മേൽ സർക്കാർ സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങളാണ് ഇപ്പോൾ കോടതിക്ക് കൈമാറിയിരിക്കുന്നത്. രേഖകൾ വിശദമായി പരിശോധിച്ച ശേഷം കോടതി അവ ആഭ്യന്തര മന്ത്രാലയത്തിന് തന്നെ തിരികെ നൽകി. കേസിൽ കേന്ദ്ര സർക്കാരിനെ കൂടി കക്ഷിയാക്കാൻ കോടതി ഉത്തരവിട്ടിട്ടുണ്ട്. ഏപ്രിൽ 6-നകം കേന്ദ്ര സർക്കാർ ഈ വിഷയത്തിൽ തങ്ങളുടെ നിലപാട് വ്യക്തമാക്കി സത്യവാങ്മൂലം സമർപ്പിക്കണം. അടുത്ത വാദം കേൾക്കൽ ഏപ്രിൽ ആറിന് നടക്കും.
രാഹുൽ ഗാന്ധിക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ ഉത്തരവിടണമെന്ന് ആവശ്യപ്പെട്ട് വിഘ്നേഷ് ശിശിർ നേരത്തെ മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചിരുന്നു. എന്നാൽ മജിസ്‌ട്രേറ്റ് കോടതി ഈ ആവശ്യം തള്ളിയതോടെയാണ് അദ്ദേഹം ഹൈക്കോടതിയിൽ അപ്പീൽ നൽകിയത്. പൗരത്വ വിഷയം കേന്ദ്ര സർക്കാരിന്റെ പരിധിയിൽ വരുന്നതാണെന്നായിരുന്നു മജിസ്‌ട്രേറ്റ് കോടതിയുടെ നിരീക്ഷണം. വിദേശ പൗരത്വമുള്ള ഒരാൾക്ക് ഇന്ത്യയിൽ ജനപ്രതിനിധിയായി തുടരാൻ സാധിക്കില്ലെന്നാണ് ഭരണഘടന വ്യക്തമാക്കുന്നത്. അതിനാൽ തന്നെ ഈ കേസിലെ വിധി രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയ ഭാവിയിൽ നിർണ്ണായകമാകും. കോൺഗ്രസ് നേതൃത്വം ഈ ആരോപണങ്ങളെല്ലാം നേരത്തെ തന്നെ തള്ളിക്കളഞ്ഞിട്ടുണ്ട്. രാഹുൽ ഗാന്ധി ജനിച്ചതും വളർന്നതും ഇന്ത്യയിലാണെന്നും അദ്ദേഹം ഇന്ത്യൻ പൗരനാണെന്നും പാർട്ടി ആവർത്തിക്കുന്നു.



