ക്രിസ്തുമസിന്റെ മഹത്തായ സന്ദേശങ്ങളിലൊന്ന് ദൈവം ചരിത്രം മെച്ചപ്പെടുന്നതുവരെ കാത്തിരിക്കാതെ അതിലേക്കു പ്രവേശിക്കുന്നതാണെന്നും മനുഷ്യൻ ആയിരിക്കുന്ന അവസ്ഥയെ സ്വീകരിക്കുന്നതാണെന്നും, ക്രിസ്തുമസ് രാത്രിയിൽ ബെത്ലഹേമിൽ നടന്ന ദിവ്യബലിയിൽ ജറുസലേമിലെ ലത്തീൻ പാത്രിയാർക്കീസ് കർദിനാൾ പിയർബാറ്റിസ്റ്റ പിസാബല്ല പറഞ്ഞു.
“യേശുവിന്റെ ജനനം കാലത്തിനു പുറത്തോ, രാഷ്ട്രീയസംഭവങ്ങളിൽ നിന്ന് വേറിട്ടോ അല്ല. ദൈവം ഒരു സമാന്തരചരിത്രം സൃഷ്ടിക്കുന്നില്ല. എല്ലാം ഒടുവിൽ ക്രമീകൃതവും സമാധാനപരവുമാകുമ്പോൾ അവൻ ലോകത്തിലേക്ക് പ്രവേശിക്കുന്നില്ല. മറിച്ച് യഥാർഥവും മൂർത്തവും ചിലപ്പോൾ കഠിനവുമായ ചരിത്രത്തിലേക്കു പ്രവേശിക്കുന്നു” – കർദിനാൾ പറഞ്ഞു.
വിശുദ്ധനാട്ടിൽ നിന്ന് സംസാരിച്ച കർദിനാൾ പിസബല്ല, നിലവിലെ യാഥാർഥ്യം ആഴത്തിലുള്ള മുറിവുകളാൽ അടയാളപ്പെടുത്തപ്പെട്ടതാണെന്ന് പറഞ്ഞു. “യുദ്ധം, അക്രമം, വിശപ്പ്, നശീകരണം എന്നിവ പലരുടെയും, പ്രത്യേകിച്ച് കുട്ടികളുടെ ജീവിതത്തെ അടയാളപ്പെടുത്തിയ നാളുകളിൽ നിന്നാണ് നമ്മൾ വരുന്നത്. എങ്കിലും ക്രിസ്തുമസ് സന്ദേശം ഏറ്റവും ശക്തമായി പ്രതിധ്വനിക്കുന്നത് ഈ സാഹചര്യത്തിലാണ്” – കർദിനാൾ കൂട്ടിച്ചേർത്തു.
അതേസമയം, ചരിത്രത്തിന്റെ സങ്കീർണ്ണതകൾക്കു മുന്നിൽ നിഷ്പക്ഷത പാലിക്കരുതെന്നും പാത്രിയർക്കീസ് ജനങ്ങളോട് അഭ്യർഥിച്ചു.



