മറ്റുള്ളവർക്ക് ഇടം നൽകുക. ക്രിസ്തുവിന്റെ ജനനം ലോകത്തിന്റെ അന്ധകാരത്തിലേക്ക് വെളിച്ചം കൊണ്ടുവരുന്നു. മനുഷ്യനെ സ്വാഗതം ചെയ്യുന്നിടത്ത് ദൈവവും സ്വാഗതം ചെയ്യപ്പെടുന്നുവെന്നും വെന്ന് ലെയോ പതിനാലാമൻ മാർപ്പാപ്പ പറഞ്ഞു. ഡിസംബർ 24-ന് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ വെച്ച് നൽകിയ ക്രിസ്തുമസ് സന്ദേശത്തിലാണ് ലെയോ പാപ്പ ഇപ്രകാരം പറഞ്ഞത്.

“നമ്മുടെ അന്ധതയെ പ്രകാശിപ്പിക്കുന്നതിനായി, ലോകത്തിന്റെ സൃഷ്ടിയോടെ ആരംഭിച്ച സ്നേഹത്തിന്റെ ഒരു പദ്ധതി പ്രകാരം, തന്റെ യഥാർത്ഥ പ്രതിച്ഛായയായ മനുഷ്യന് ഒരു മനുഷ്യനായി തന്നെത്തന്നെ വെളിപ്പെടുത്താൻ കർത്താവ് തിരഞ്ഞെടുത്തു. മനുഷ്യ വ്യക്തിക്ക് ഇടമില്ലെങ്കിൽ ഭൂമിയിൽ ദൈവത്തിന് ഇടമില്ലെന്ന് ബെനഡിക്റ്റ് പതിനാറാമൻ മാർപ്പാപ്പയുടെ ഈ വാക്കുകൾ സമയോചിതമായ ഓർമ്മപ്പെടുത്തലായി തുടരുന്നു,” പാപ്പ പറഞ്ഞു.

ഡിസംബർ 24 ന് രാത്രി പത്തുമണിക്ക് തിങ്ങിനിറഞ്ഞ വത്തിക്കാൻ ബസിലിക്കയിൽ ലെയോ പാപ്പ ക്രിസ്തുമസ് കുർബാന അർപ്പിച്ചു. വിശുദ്ധ കുർബാനയ്ക്കായി ഏകദേശം 6,000 പേർ ബസിലിക്കയ്ക്കുള്ളിലുണ്ടായിരുന്നുവെന്നും, സെന്റ് പീറ്റേഴ്‌സ് സ്ക്വയറിലെ ജംബോ സ്‌ക്രീനുകൾ വഴി 5,000 പേർ പാപ്പ അർപ്പിച്ച വിശുദ്ധ കുർബാനയിൽ പങ്കുചേർന്നെന്നും വത്തിക്കാൻ അറിയിച്ചു.