അക്രമം, ദാരിദ്ര്യം, സ്ഥാപനങ്ങളുടെ തകർച്ച എന്നിവയാൽ ബുദ്ധിമുട്ടുന്ന സാഹചര്യത്തിൽ സിറിയയിലെ ക്രൈസ്തവ സാന്നിധ്യത്തിന്റെ ഭാവിക്കായി സിറിയയിലെ ഹോംസിലെ സിറിയൻ കത്തോലിക്കാ ആർച്ച് ബിഷപ്പ് ജാക്വസ് മൗറാദ് ഒരു അടിയന്തര അഭ്യർഥന നടത്തി.
അബിസീനിയൻ വിശുദ്ധ മോസസിന്റെ സന്യാസ സഭാ അംഗവും, 2015 ൽ ഐസിസ് തട്ടിക്കൊണ്ടുപോയി അഞ്ച് മാസത്തെ തടവിന് ശേഷം വിട്ടയച്ചതുമായ ബിഷപ്പ് ജാക്വസ് മൗറാദ്, തന്റെ രാജ്യത്തിന്റെ ഇന്നത്തെ അവസ്ഥയിൽ ദുഃഖത്തോടെ ആശങ്ക പ്രകടിപ്പിക്കുന്നു: “ഇന്ന് സിറിയ ഒരു രാജ്യമെന്ന നിലയിൽ ഇല്ലാതായിരിക്കുന്നു. യേശു തന്റെ സഭ, സിറിയയിൽ തന്നെ തുടരണമെന്ന് ആഗ്രഹിക്കുന്നു. സിറിയയിൽ നിന്ന് ക്രൈസ്തവരെ ഒഴിപ്പിക്കുക എന്ന ആശയം തീർച്ചയായും ദൈവഹിതമല്ല.” വത്തിക്കാൻ വാർത്താ ഏജൻസിയായ ഫൈഡ്സിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
2024 ഡിസംബറിൽ ബാഷർ അൽ-അസദിന്റെ ഭരണകൂടത്തിന്റെ പതനത്തെത്തുടർന്ന് സിറിയ വലിയ അനിശ്ചിതത്വത്തിലൂടെയാണ് കടന്നുപോകുന്നത്. അദ്ദേഹത്തിന്റെ സർക്കാരിന്റെ അന്ത്യം ഒരു ജനാധിപത്യ പരിവർത്തനത്തെക്കുറിച്ചുള്ള പ്രതീക്ഷകൾ ഉയർത്തിയെങ്കിലും, അക്രമം രൂക്ഷമാവുകയും മാനുഷിക പ്രതിസന്ധി തുടരുകയും ചെയ്യുന്നു.
ഇദ്‌ലിബ്, അലപ്പോ, ഡമാസ്കസ് തുടങ്ങിയ പ്രധാന നഗരങ്ങളിൽ, വിവിധ സായുധ വിഭാഗങ്ങൾ അധികാരത്തിനായി മത്സരിക്കുന്നു. ഇത് ലക്ഷ്യമിട്ടുള്ള കൊലപാതകങ്ങൾ, കൂട്ടക്കൊലകൾ, ഏകപക്ഷീയമായ അറസ്റ്റുകൾ, നിർബന്ധിത തിരോധാനങ്ങൾ എന്നിവയിലേക്ക് നയിക്കുന്നു. എന്തൊക്കെയായാലും, സഭയ്ക്ക് പ്രത്യാശയുടെ ഉറവിടമാകാൻ കഴിയുമെന്നും അത് അങ്ങനെ ആയിരിക്കണമെന്നും ആർച്ച് ബിഷപ്പ് ഉറപ്പിച്ചു പറഞ്ഞു. “ക്രൈസ്തവർക്ക് മാത്രമല്ല, എല്ലാ സിറിയൻ ജനതയ്ക്കും പ്രത്യാശയുടെ ഏക ഉറവിടം സഭയാണ്. ഞങ്ങളുടെ കഴിവിനുള്ളിൽ, ഞങ്ങളുടെ ജനങ്ങളെ പിന്തുണയ്ക്കാൻ ഞങ്ങൾ സാധ്യമായതെല്ലാം ചെയ്യുന്നു.”
അതുകൊണ്ടാണ് അദ്ദേഹം തന്റെ അതിരൂപതയിലെ എല്ലാ ഇടവകകളും നേരിട്ട് സന്ദർശിച്ച് വിശ്വാസികളെ പ്രോത്സാഹിപ്പിച്ചത്. “ദൈവത്തിന് നന്ദി, ഞാൻ ജനങ്ങളോട് സംസാരിക്കുന്ന വാക്കുകളിൽ എപ്പോഴും കർത്താവ് എന്നെ അനുഗമിക്കുന്നതായി എനിക്ക് തോന്നുന്നു”- അദ്ദേഹം പറഞ്ഞു.



