ഇസ്ലാമാബാദ്: ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യ പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങൾ തകർത്തതിന് പിന്നാലെ ഉന്നതതല ചൈനീസ് പ്രതിരോധ പ്രതിനിധി സംഘം ഇസ്ലാമാബാദിൽ എത്തി. മേഖലയിൽ ചൈനയുടെ സ്വാധീനം കുറയുന്നത് തടയാനുള്ള നിർണായക ശ്രമമാണിതെന്ന് വിദഗ്ധർ വിലയിരുത്തുന്നു.

പീപ്പിൾസ് ലിബറേഷൻ ആർമി എയർ ഫോഴ്സ് (PLAAF) ചീഫ് ഓഫ് സ്റ്റാഫ് ലെഫ്റ്റനന്‍റ് ജനറൽ വാങ് ഗാങ് പാകിസ്ഥാൻ എയർ ചീഫ് മാർഷൽ സഹീർ അഹമ്മദ് ബാബർ സിദ്ദുവുമായി കൂടിക്കാഴ്ച നടത്തി. ചൊവ്വാഴ്ച ഇസ്ലാമാബാദിലായിരുന്നു കൂടിക്കാഴ്ച. സുരക്ഷ, പരസ്പര സഹകരണം എന്നിവ സംബന്ധിച്ച ഉഭയകക്ഷി ചർച്ചകളാണ് നടന്നതെന്ന് പാക് വ്യോമസേന വിശദീകരിച്ചു. എന്നാൽ ഈ സന്ദർശനത്തിന് നയതന്ത്രപരമായ സൌഹൃദത്തിലുപരി ആഴത്തിലുള്ള പ്രാധാന്യമുണ്ടെന്നാണ് സൂചന.

പാകിസ്ഥാൻ വ്യോമസേനയുടെ പ്രവർത്തന സന്നദ്ധതയെയും അത്യാധുനിക സൌകര്യങ്ങളെയും ലഫ്റ്റനന്‍റ് ജനറൽ വാങ് ഗാങ് അഭിനന്ദിച്ചതായി പാക് വ്യോമസേന പ്രതികരിച്ചു. എയർ ചീഫ് മാർഷൽ സിദ്ദു പാകിസ്ഥാൻ-ചൈന ബന്ധത്തിന്റെ ചരിത്രപരമായ സ്വഭാവം ഊന്നിപ്പറഞ്ഞു. പരസ്പര വിശ്വാസത്തിലും പ്രാദേശിക സമാധാനത്തിനും സ്ഥിരതയ്ക്കും വേണ്ടിയുള്ള ആഗ്രഹത്തിലും വേരൂന്നിയതാണ് അതെന്നും വിശേഷിപ്പിച്ചു.

ചൈനീസ് ആയുധങ്ങളെ തുറന്നുകാട്ടിയ ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂർ

മെയ് 7 മുതൽ 10 വരെ നടന്ന ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂർ, പാകിസ്ഥാന്‍റെ വ്യോമ പ്രതിരോധ സംവിധാനങ്ങളെ മറികടന്ന് നശിപ്പിച്ചു. അവ ചൈന വിതരണം ചെയ്തതായിരുന്നു. ചൈനീസ് നിർമ്മിത എച്ച്ക്യു-9പി, എച്ച്ക്യു-16 മിസൈൽ പ്രതിരോധ സംവിധാനങ്ങളും ഇന്ത്യയുടെ പ്രത്യാക്രമണങ്ങളിൽ നശിപ്പിക്കപ്പെട്ടെന്ന് വിരമിച്ച മേജർ ജനറൽ സുധാകർ പറഞ്ഞു. ഇത് പാകിസ്ഥാൻ പ്രതിരോധ വൃത്തങ്ങളിൽ ചൈനീസ് ആയുധങ്ങളുടെ വിശ്വാസ്യതയെക്കുറിച്ച് സംശയത്തിനിടയാക്കി.

പാക് സൈനിക ഉദ്യോഗസ്ഥരുടെ യുഎസ് സന്ദർശനം

തന്ത്രപരമായ മാറ്റം എന്ന നിലയിൽ, പാകിസ്ഥാൻ അമേരിക്കയുമായി പ്രതിരോധ സാധ്യതകൾ രഹസ്യമായി തേടുന്നുണ്ട്. പാകിസ്ഥാൻ വ്യോമസേനാ മേധാവി സഹീർ അഹമ്മദ് ബാബർ സിദ്ദു വാഷിംഗ്ടണിൽ എത്തിയത് യുഎസുമായി നിലവിൽ നിഷ്ക്രിയമായ പ്രതിരോധ ബന്ധം ശക്തിപ്പെടുത്താനാണെന്ന് മേജർ ജനറൽ സുധാകർ പറയുന്നു.

ഒരു പതിറ്റാണ്ടിനിടെ പാക് വ്യോമസേനാ മേധാവി നടത്തുന്ന ആദ്യ സന്ദർശനമാണിത്. പാക് സൈനിക മേധാവി അസിം മുനീർ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തിയതിന് ഏതാനും ആഴ്ചകൾക്ക് ശേഷമാണ് ഇത്. യുഎസ് വ്യോമസേനയുടെ ചീഫ് ഓഫ് സ്റ്റാഫ് ജനറൽ ഡേവിഡ് ആൾവിൻ ഉൾപ്പെടെയുള്ള ഉന്നത യുഎസ് സൈനിക ഉദ്യോഗസ്ഥരുമായി സിദ്ദു കൂടിക്കാഴ്ച നടത്തുകയും ചെയ്തു.

അമേരിക്കൻ ആയുധങ്ങളിൽ കണ്ണുവച്ച് പാകിസ്ഥാൻ

ചൈനീസ് ആയുധങ്ങളുടെ വിശ്വാസ്യതയെക്കുറിച്ചുള്ള ആശങ്കകളെത്തുടർന്ന് പാകിസ്ഥാൻ അതിന്റെ വ്യോമസേനയെ ആധുനികവൽക്കരിക്കാൻ ശ്രമിക്കുകയാണെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു. പാകിസ്ഥാൻ എഐഎം-7 സ്പാരോ എയർ-ടു-എയർ മിസൈലുകളും യുഎസ് നിർമ്മിത ഹൈ മൊബിലിറ്റി ആർട്ടിലറി റോക്കറ്റ് സിസ്റ്റം ബാറ്ററികളും സ്വന്തമാക്കാൻ ശ്രമം നടത്തുന്നു എന്നാണ് റിപ്പോർട്ട്.

ചൈനയുടെ ഡെവിൾ ട്രയാംഗിൾ, അവിശ്വാസം അവസരമാക്കി അമേരിക്ക

അതേസമയം ദക്ഷിണേഷ്യയിൽ തന്ത്രപരമായ വലിയ വിന്യാസത്തിനാണ് ചൈന ഒരുങ്ങുന്നത്. ചൈന പാകിസ്ഥാനും ബംഗ്ലാദേശുമായി സൈനിക സഖ്യത്തിലേക്ക് ‘ഡെവിൾ ട്രയാംഗിൾ’ ഉണ്ടാക്കാൻ ശ്രമിക്കുന്നുണ്ട്. സാർക്കിന് പകരം ഒരു കൂട്ടായ്മ സംഘടിപ്പിക്കാനാവാം ചൈനയുടെ ശ്രമമെന്നാണ് റിപ്പോർട്ട്. അതേസമയം ചൈന-പാകിസ്ഥാൻ സഖ്യത്തെ ദുർബലപ്പെടുത്താൻ യുഎസ് ശ്രമിക്കുന്നു. പാകിസ്ഥാന്റെ പ്രതിരോധ ഇറക്കുമതിയുടെ ഏകദേശം 81-82% നിലവിൽ ചൈനയിൽ നിന്നാണ് എന്നതിനാൽ, നിലവിലെ ഇസ്ലാമാബാദിന്റെ നിരാശയെ വാഷിംഗ്ടൺ ഒരു അവസരമായി കണ്ടേക്കാനിടയുണ്ട്.

പാകിസ്ഥാൻ പ്രതിരോധ യുദ്ധോപകരണങ്ങൾക്കായി ചൈനയെ ആശ്രയിക്കുന്നത് കുറയ്ക്കാനും മേഖലയിലെ ഒരു പ്രബല ശക്തിയായി മുന്നിൽ നിൽക്കാനും യുഎസിന് താത്പര്യമുണ്ടെന്ന് മേജർ ജനറൽ സുധാകർ പറഞ്ഞു. ഈ പശ്ചാത്തലത്തിൽ വേണം ചൈനീസ് പ്രതിനിധികളുടെ പാക് സന്ദർശനത്തെ വിലയിരുത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു.