ഗതാഗത സാങ്കേതികവിദ്യയുടെ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ച് ചൈന. വെറും രണ്ട് സെക്കൻഡിനുള്ളിൽ മണിക്കൂറിൽ 700 കിലോമീറ്റർ വേഗത കൈവരിച്ച് ചൈനയുടെ മാഗ്ലെവ് (Maglev) ട്രെയിൻ ലോകശ്രദ്ധ പിടിച്ചുപറ്റി. പരീക്ഷണയാത്രക്കിടെയാണ് ഈ അസാധാരണ നേട്ടം കൈവരിച്ചത്. നാഷണൽ യൂണിവേഴ്സിറ്റി ഓഫ് ഡിഫൻസ് ടെക്നോളജിയിലെ (NUDT) ശാസ്ത്രജ്ഞർ 1.1 ടൺ ഭാരമുള്ള ഒരു പരീക്ഷണാത്മക മാഗ്ലെവ് വാഹനം രണ്ട് സെക്കൻഡിനുള്ളിൽ 700 കിലോമീറ്റർ വേഗതയിൽ വിജയകരമായി പരീക്ഷിച്ചു.
400 മീറ്റർ പരീക്ഷണ ട്രാക്കിലാണ് ലാൻഡ്മാർക്ക് ടെസ്റ്റ് നടത്തിയത്, അൾട്രാ-റാപ്പിഡ് ആക്സിലറേഷൻ മാത്രമല്ല, കൃത്യവും സുരക്ഷിതവുമായ ബ്രേക്കിംഗും ഇത് പ്രദർശിപ്പിച്ചു. മാഗ്നറ്റിക് ലെവിറ്റേഷൻ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ഈ ട്രെയിൻ പാളത്തിൽ നിന്ന് നേരിയ ഉയരത്തിൽ പൊങ്ങിക്കിടന്ന് സഞ്ചരിക്കുന്നതിനാൽ ഘർഷണം അത്യന്തം കുറഞ്ഞതാണ്. ഇതാണ് അതിവേഗത കൈവരിക്കാൻ സഹായകമാകുന്നത്. പരമ്പരാഗത ട്രെയിനുകളെ അപേക്ഷിച്ച് കൂടുതൽ സുരക്ഷിതവും ഊർജക്ഷമവുമാണ് മാഗ്ലെവ് ട്രെയിനുകൾ.



