അമേരിക്കയ്ക്ക് പിന്നാലെ ഇപ്പോൾ ചൈനയും രംഗത്തെത്തിയിരിക്കുന്നു. മൂന്നാം കക്ഷി ഇടപെടലുകളെ ഇന്ത്യ ആവർത്തിച്ച് തള്ളിക്കളയുകയും ഡൊണാൾഡ് ട്രംപിന്റെ മധ്യസ്ഥതാ അവകാശവാദങ്ങളെ ശക്തമായി പ്രതിരോധിക്കുകയും ചെയ്തിട്ടും, കഴിഞ്ഞ മെയ് മാസത്തിലുണ്ടായ ഇന്ത്യ-പാകിസ്ഥാൻ സംഘർഷത്തിൽ ചൈന ‘മധ്യസ്ഥത’ വഹിച്ചതായി ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി അവകാശപ്പെട്ടു. ചൊവ്വാഴ്ച ബീജിംഗിൽ നടന്ന രാജ്യാന്തര സാഹചര്യങ്ങളെക്കുറിച്ചുള്ള സിമ്പോസിയത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ലോകമെമ്പാടും സംഘർഷങ്ങളും അസ്ഥിരതയും വർദ്ധിച്ചുവരികയാണെന്ന് വാങ് യി പറഞ്ഞു. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം പ്രാദേശിക യുദ്ധങ്ങളും അതിർത്തി സംഘർഷങ്ങളും ഏറ്റവും കൂടുതൽ ഉണ്ടായ വർഷമാണിതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യാന്തര സംഘർഷങ്ങൾ പരിഹരിക്കുന്നതിൽ ചൈന വസ്തുനിഷ്ഠവും നീതിയുക്തവുമായ നിലപാടാണ് സ്വീകരിച്ചത്.