ലബനനിൽ ബോംബാക്രമണം വീണ്ടും ശക്തമായതോടെ കുട്ടികൾ അനുഭവിക്കുന്ന ദുരിതങ്ങൾ മനുഷ്യത്വരഹിതമായ തലത്തിലെത്തിയെന്ന് യൂണിസെഫ് മുന്നറിയിപ്പ് നൽകി. റിപ്പോർട്ടുകൾ പ്രകാരം, കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ഭീകരമായ ബോംബാക്രമണത്തിൽ 33 കുട്ടികൾ കൊല്ലപ്പെടുകയും 153 കുട്ടികൾക്ക് പരിക്കേൽക്കുകയും ചെയ്തു. മേഖലയിൽ വെടിനിർത്തൽ കരാറിനെക്കുറിച്ചുള്ള വാർത്തകൾ ഏറെ പ്രതീക്ഷ നൽകിയ സാഹചര്യത്തിലും ഇസ്രായേലിൻ്റെ ഭാഗത്ത് നിന്ന് വ്യോമാക്രമണം നടത്തിയതെന്ന് യൂണിസെഫ് പ്രസ്താവനയിൽ വെളിപ്പെടുത്തി.

കണക്കുകൾ പ്രകാരം, മാർച്ച് 2 മുതൽ ഇതുവരെ ലബനനിൽ 600 കുട്ടികൾ കൊല്ലപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്തിട്ടുണ്ട്. ബോംബാക്രമണത്തിന്റെ പ്രത്യാഘാതം പൊതുസമൂഹത്തെ മുഴുവനായി ബാധിക്കുന്നുവെന്നും, ആക്രമണത്തിൽ കാണാതായവരും കുടുംബങ്ങളിൽ നിന്ന് വേർപിരിഞ്ഞരുമായ ധാരാളം കുട്ടികളെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് കണ്ടെത്തുന്നതായും ഇനിയും കണ്ടെത്താനുണ്ടെന്നുമുള്ള റിപ്പോർട്ടുകൾ ഏറെ ആശങ്കയുളവാക്കുന്നതാണെന്നും പ്രസ്താവനയിൽ ചൂണ്ടിക്കാണിച്ചു.

രാജ്യത്തു നിന്നും പലായനം ചെയ്യപ്പെട്ട 10 ലക്ഷത്തിലധികം പേരിൽ ഏകദേശം 3,90,000 പേർ കുട്ടികളാണ്.  പ്രിയപ്പെട്ടവരെയും വീടുകളും നഷ്ടപ്പെട്ട നിരവധി കുട്ടികൾ കടുത്ത മാനസികാഘാതത്തിലുമാണ്.

അതിനാൽ, അന്താരാഷ്ട്ര മാനുഷിക നിയമപ്രകാരമുള്ള വ്യവസ്ഥകൾ കൃത്യമായി പാലിക്കപ്പെടണമെന്ന് യുണിസെഫ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു. കുട്ടികൾ ഉൾപ്പെടെയുള്ള സാധാരണക്കാരെ എല്ലായ്പ്പോഴും സംരക്ഷിക്കണം. സംഘർഷത്തിൽ ഏർപ്പെടുന എല്ലാ കക്ഷികളും സാധാരണക്കാരെയും അടിസ്ഥാന സൗകര്യങ്ങളെയും സംരക്ഷിക്കാൻ സാധ്യമായ എല്ലാ മുൻകരുതലുകളും എടുക്കണം. മാനുഷിക സഹായം തടസ്സമില്ലാതെ എത്തിക്കുന്നത് ഉറപ്പാക്കണം തുടങ്ങിയ അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ ലംഘനം കനത്ത പ്രത്യാഘ്യാതങ്ങൾക്കാണ് വഴിയൊരുക്കുന്നത്. ജനവാസ മേഖലകളിൽ വ്യാപകമായി സ്ഫോടകവസ്തുക്കൾ ഉപയോഗിക്കുന്നത് കുട്ടികൾക്ക് മാരകമായ ഭീഷണിയാണെന്നും സംഘടന കൂട്ടിച്ചേർത്തു.

നിലവിൽ ബെയ്റൂട്ടിൽ യൂണിസെഫിന്റെ പിന്തുണയുള്ള പദ്ധതിയുടെ ഭാഗമായി പരിക്കേറ്റ നിരവധി കുട്ടികൾക്ക് ചികിത്സ നൽകുന്നുണ്ട്. വൈദ്യസഹായം ഏറെ അത്യന്താപേക്ഷിതമായ സാഹചര്യത്തിൽ, ചികിത്സാ കേന്ദ്രങ്ങളിലേക്ക് ദുരിതാശ്വാസ സാമഗ്രികളും പൊതുജനാരോഗ്യ കേന്ദ്രങ്ങളിലേക്ക് മരുന്നുകളും എത്തിക്കുന്നുണ്ട്. മൊബൈൽ യൂണിറ്റുകൾ വഴി കുടിയിറക്കപ്പെട്ട കുടുംബങ്ങൾക്ക് അടിയന്തര പരിചരണവും നൽകുന്നുണ്ട്.

ചിലയിടങ്ങളിൽ വെടിനിർത്തൽ ശ്രമങ്ങൾ ആശ്വാസം നൽകിയെങ്കിലും, ലെബനോനിലെ തുടരുന്ന സൈനിക നടപടികൾ വെടിനിർത്തലിനും, മേഖലയിൽ ശാശ്വതവും സമഗ്രവുമായ സമാധാനത്തിനുള്ള ശ്രമങ്ങൾക്കും ഗുരുതരമായ ഭീഷണിയാണെന്ന് യുഎൻ സെക്രട്ടറി ജനറൽ ഏപ്രിൽ 10 ന് നൽകിയ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടുന്നു.