വടക്കൻ മൊസാംബിക്കിലെ കാബോ ഡെൽഗാഡോ പ്രവിശ്യയിൽ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നതായി അടുത്തിടെ വന്ന റിപ്പോർട്ടുകളെ തുടർന്ന് ആശങ്ക പ്രകടിപ്പിച്ച് യുണിസെഫ്. തട്ടിക്കൊണ്ടുപോയ എല്ലാ കുട്ടികളെയും ഉടൻ വിട്ടയയ്ക്കണമെന്ന് യുഎൻ ഏജൻസി എക്സിൽ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

കുട്ടികളെ തിരികെയെത്തിക്കാനും സുരക്ഷ ഉറപ്പാക്കാനും എല്ലാ നടപടികളും സ്വീകരിക്കാൻ തയ്യാറാകണമെന്ന് സംഘടന പറയുന്നു. സംസ്ഥാനേതര സായുധസംഘങ്ങൾ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നത് കുട്ടികളുടെ അവകാശങ്ങളുടെയും അന്താരാഷ്ട്ര നിയമങ്ങളുടെയും ഗുരുതരമായ ലംഘനമാണെന്നും സം​ഘടന വ്യക്തമാക്കുന്നു.

തട്ടിക്കൊണ്ടുപോകലുകൾ തടയുന്നതിനും ബാധിതകുടുംബങ്ങളെ പിന്തുണയ്ക്കുന്നതിനും സംരക്ഷണസേവനങ്ങൾ ശക്തിപ്പെടുത്തുന്നതിനും മൊസാംബിക്കൻ സർക്കാരുമായും പങ്കാളികളുമായും ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്നും യുണിസെഫ് പറഞ്ഞു.