മുഖ്യമന്ത്രി ആരെന്ന തീരുമാനം വൈകുന്നതോടെ സംസ്ഥാനത്തെ വിവിധ ഭരണ, അടിസ്ഥാന സൗകര്യ, ദുരന്തനിവാരണ പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിനായി ചീഫ് സെക്രട്ടറി ഡോ എ ജയതിലകിന്റെ അധ്യക്ഷതയിൽ ഉന്നത തല യോഗം സെക്രട്ടറിയേറ്റിൽ ചേർന്നു. ബന്ധപ്പെട്ട വകുപ്പ് സെക്രട്ടറിമാർ, വകുപ്പ് മേധാവികൾ ജില്ലാ കളക്ടർമാർ, മറ്റ് ഉന്നത ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. എൽപിജിയിൽ നിന്ന് പിഎൻജിയിലേക്കുള്ള മാറ്റം, സ്കൂൾ തുറക്കലിനുള്ള ഒരുക്കങ്ങൾ, സെൻസസ് പ്രവർത്തനങ്ങൾ, പാമ്പുകടി പ്രതിരോധം, മൺസൂൺ മുന്നൊരുക്കങ്ങൾ, ദേശീയ പാത വികസന പ്രവൃത്തികൾ എന്നിവ യോഗത്തിൽ വിലയിരുത്തി.
എൽപിജി ഉപയോഗവും പൈപ്പ്ഡ് നാചുറൽ ഗ്യാസ് സംവിധാനത്തിലേക്കുള്ള മാറ്റവും സംബന്ധിച്ച് ഭക്ഷ്യ-പൊതുവിതരണ അഡീഷണൽ ചീഫ് സെക്രട്ടറി വിശദീകരിച്ചു. പിഎൻജി ലഭ്യത ഉറപ്പാക്കിയാൽ പൊതുജനങ്ങൾ മാറാൻ താൽപര്യം പ്രകടിപ്പിക്കുന്നതായി യോഗം വിലയിരുത്തി. ഇതുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടർമാർ എല്ലാ പങ്കാളികളെയും ഉൾപ്പെടുത്തി യോഗങ്ങൾ ചേർന്ന് നടപടി വേഗത്തിലാക്കണമെന്ന് ചീഫ് സെക്രട്ടറി നിർദ്ദേശിച്ചു. പിഎൻജി കമ്പനികൾ ലഭ്യത സംബന്ധിച്ച പ്രശ്നങ്ങൾ പരിഹരിക്കണമെന്നും അടിസ്ഥാന സൗകര്യങ്ങൾ സ്ഥാപിക്കുന്നതിനുള്ള റോഡ് കട്ടിംഗ് അനുമതികൾ വേഗത്തിലാക്കണമെന്നും നിർദ്ദേശം നൽകി.
സ്കൂൾ തുറക്കലിനുള്ള ഒരുക്കങ്ങൾ സംബന്ധിച്ച് പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി വിശദീകരണം നൽകി. മെയ് 31നകം പാഠപുസ്തകങ്ങളുടെ അച്ചടിയും വിതരണവും പൂർത്തിയാകുമെന്ന് അറിയിച്ചു. ഇതിനകം 65 ശതമാനം പുസ്തകങ്ങൾ കുടുംബശ്രീ യൂണിറ്റുകൾ വഴി വിതരണം ചെയ്തുകഴിഞ്ഞു. ശേഷിക്കുന്ന പുസ്തകങ്ങളും സമയബന്ധിതമായി വിതരണം ചെയ്യുമെന്നും അറിയിച്ചു. കൈത്തറി വകുപ്പ് വഴി സ്കൂൾ യൂണിഫോം തുണികളുടെ വിതരണവും പുരോഗമിക്കുകയാണെന്നും എയ്ഡഡ് സ്കൂളുകൾക്കുള്ള ക്രമീകരണങ്ങളും പൂർത്തിയായിട്ടുണ്ടെന്നും യോഗത്തിൽ അറിയിച്ചു



