അബുദാബി: മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൾഫ് പര്യടനത്തിന് 16ന് ബഹ്റൈനിൽ തുടക്കമാകും. രാത്രി 8ന് ബഹ്റൈൻ കേരളീയ സമാജത്തിലാണ് പൊതുപരിപാടി.

പ്രവാസികൾക്കായി ഇടതുസർക്കാർ ചെയ്ത കാര്യങ്ങളും പുതിയ പദ്ധതികളും വിശദീകരിക്കുക, നോർക്ക, മലയാളം മിഷൻ പരിപാടികളിൽ പങ്കെടുക്കുക എന്നിവയാണ് ലക്ഷ്യം. പിന്നീട് സൗദിയിലേക്കു പോകുന്ന മുഖ്യമന്ത്രി 17ന് ദമാമിലും 18ന് ജിദ്ദയിലും 19ന് റിയാദിലും പൊതുപരിപാടികളിൽ പങ്കെടുക്കും.

24, 25 തീയകളിൽ ഒമാനിലെ മസ്‌കത്ത്, സലാല എന്നിവിടങ്ങളിലെ യോഗങ്ങളിൽ പങ്കെടുക്കും. 30ന് ഖത്തർ സന്ദർശിക്കും. നവംബർ 7ന് കുവൈത്തിലും 9ന് അബുദാബിയിലും എത്തും. അബുദാബിയിൽ ഗോൾഫ് ക്ലബിൽ വൈകിട്ട് 6 മുതൽ 10 വരെയാണ് പൊതുപരിപാടി.

മുഖ്യമന്ത്രിയെ സ്വീകരിക്കാൻ പ്രവാസി മലയാളി സംഘടനകളുടെ നേതൃത്വത്തിൽ സ്വാഗതസംഘം രൂപീകരിച്ചു. മന്ത്രി സജി ചെറിയാനും നോർക്ക, മലയാളം മിഷൻ പ്രതിനിധികളും മുഖ്യമന്ത്രിയെ അനുഗമിക്കും. എന്നാൽ, നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള ഗൾഫ് പര്യടനമെന്നാണ് യുഡിഎഫ് പക്ഷത്തെ പ്രവാസി സംഘടനകളുടെ വിലയിരുത്തൽ.