കേരള രാഷ്ട്രീയത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ശൈലിയെയും പെരുമാറ്റത്തെയും കുറിച്ചുള്ള ചർച്ചകൾ വീണ്ടും സജീവമാക്കി കോന്നിയിലെ പുതിയ സംഭവം. പത്തനംതിട്ട കോന്നിയിൽ നടന്ന പൊതുയോഗത്തിൽ പ്രസംഗിക്കുന്നതിനിടെ ചോദ്യം ചോദിക്കാൻ മുതിർന്നയാളെ മുഖ്യമന്ത്രി മൈക്കിലൂടെ ശകാരിച്ചതാണ് വിവാദങ്ങൾക്ക് വഴിവെച്ചത്. ‘സിഎമ്മേ ഒരു ചോദ്യം?’ എന്ന് സദസ്സിൽ നിന്നും ഒരാൾ വിളിച്ചു ചോദിച്ചപ്പോൾ, ‘അതങ്ങ് വീട്ടിൽ പോയി ചോദിച്ചാൽ മതി’ എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. തിങ്കളാഴ്ചയാണ് സോഷ്യൽ മീഡിയയിൽ നിമിഷങ്ങൾക്കകം വൈറലായ ഈ സംഭവം നടന്നത്.
മുഖ്യമന്ത്രിയുടെ ശകാരം ഏറ്റുവാങ്ങിയത് ഒരു സിപിഎം വിരുദ്ധനല്ല, മറിച്ച് പാർട്ടിയുടെ സജീവ പ്രവർത്തകനായ ദാസ് പി ജോർജാണെന്ന് പിന്നീട് തിരിച്ചറിഞ്ഞു. ആവേശത്തിൽ പറ്റിപ്പോയ തെറ്റാണെന്നും മുഖ്യമന്ത്രിയുടെ പ്രതികരണത്തിൽ തനിക്ക് വിഷമമില്ലെന്നും ദാസ് മാധ്യമങ്ങളോട് പറഞ്ഞു. ‘മുഖ്യമന്ത്രി തന്നെ ശാസിച്ചതായേ കാണുന്നുള്ളൂ. പൊതുയോഗത്തിനിടെ ചോദ്യം ചോദിച്ചത് എന്റെ ഭാഗത്തുണ്ടായ പിഴവാണ്’ എന്ന് ദാസ് വ്യക്തമാക്കി. മുഖ്യമന്ത്രി ദാസിനെ ‘ചെറ്റ’ എന്ന് വിളിച്ചതായി ചില പ്രചാരണങ്ങൾ ഉണ്ടായെങ്കിലും മുഖ്യമന്ത്രി അത് നിഷേധിച്ചു.
സംഭവം വിവാദമായതോടെ മുഖ്യമന്ത്രി തന്നെ വിശദീകരണവുമായി രംഗത്തെത്തി. തന്റെ സമനില തെറ്റിയിട്ടില്ലെന്നും ഓരോ കാര്യത്തിനും പാലിക്കേണ്ട മര്യാദകളുണ്ടെന്നുമാണ് അദ്ദേഹം വ്യക്തമാക്കിയത്. ‘ചോദ്യം ചോദിക്കേണ്ട വേദിയല്ല പൊതുയോഗം. അതൊരു പത്രസമ്മേളനമല്ലല്ലോ. മര്യാദകൾ പാലിച്ചില്ലെങ്കിൽ പ്രതികരണം അതനുസരിച്ചാകും’ എന്ന് മുഖ്യമന്ത്രി ന്യായീകരിച്ചു. താൻ പറഞ്ഞത് ചോദിച്ചയാൾക്ക് കാര്യം മനസ്സിലായെന്നും പുറത്തുള്ളവർക്കാണ് കൂടുതൽ ആവേശമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രിയുടെ ഈ പ്രതികരണത്തെ രൂക്ഷമായ ഭാഷയിലാണ് നടൻ ജോയ് മാത്യു വിമർശിച്ചത്. ‘പിആർ പെയിന്റ് പണിക്കാർ പുട്ടിയിട്ട് മിനുക്കിയാലും ചില തടികളുടെ പുഴുക്കുത്തുകൾ പുറത്തുവരുമെന്ന്’ അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. മുഖ്യമന്ത്രിയുടെ സ്വാഭാവികമായ പരുക്കൻ ശൈലിയെ മറച്ചുപിടിക്കാൻ പിആർ ഏജൻസികൾ നടത്തുന്ന ശ്രമങ്ങളെ പരിഹസിച്ചായിരുന്നു അദ്ദേഹത്തിന്റെ പോസ്റ്റ്. ‘പുട്ടിയിട്ട് മിനുക്കിയാലും പുഴുകുത്ത് പുറത്തുവരും’ എന്ന ജോയ് മാത്യുവിന്റെ വാക്കുകൾ സോഷ്യൽ മീഡിയയിൽ വലിയ പിന്തുണ നേടുന്നുണ്ട്.



