ഛത്തീസ്ഗഡ് : കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുന്ന കാര്യത്തില്‍ വിശദമായ കൂടിയാലോചനകള്‍ക്ക് ശേഷം തീരുമാനമെടുക്കാൻ കത്തോലിക്കാ സഭ.

നിയമവിദഗ്ദ്ധരുമായി ചർച്ച നടത്തിയ ശേഷമായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുക. കന്യാസ്ത്രീകളുടെ നിയമപോരാട്ടത്തിന് എല്ലാ പിന്തുണയും നല്‍കുമെന്ന് സഭ വ്യക്തമാക്കി.

കേസില്‍ ജാമ്യം ലഭിച്ച കന്യാസ്ത്രീകളെ കനത്ത സുരക്ഷയോടെ ഡല്‍ഹിയിലെ രാജാറാം മഠത്തില്‍ എത്തിച്ചു. കന്യാസ്ത്രീകളുടെ ചികിത്സാ കാര്യങ്ങള്‍ ഉള്‍പ്പെടെ ഇവിടെ വെച്ചായിരിക്കും നടക്കുക. ഈ വിഷയത്തില്‍ പ്രതിപക്ഷ പാർട്ടികള്‍ പാർലമെന്റില്‍ പ്രതിഷേധം ശക്തമാക്കാൻ തീരുമാനിച്ചിട്ടുണ്ട്. സഭയുടെയും പ്രതിപക്ഷത്തിന്റെയും ഈ നീക്കങ്ങള്‍ വിഷയത്തിന് ദേശീയ തലത്തില്‍ കൂടുതല്‍ ശ്രദ്ധ നല്‍കാൻ സാധ്യതയുണ്ട്.

അതിനിടെ, ബജറംഗ് ദള്‍ നേതാവ് ജ്യോതി ശർമ്മ ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കെതിരെ കന്യാസ്ത്രീകളോടൊപ്പം ഉണ്ടായിരുന്ന പെണ്‍കുട്ടികള്‍ ഇന്ന് ഓണ്‍ലൈനായി ദുർഗ്ഗ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കും. ഇന്നലെ നാരായണ്‍പൂർ സ്റ്റേഷനില്‍ നല്‍കിയ പരാതി പോലീസ് സ്വീകരിച്ചിരുന്നില്ല. ഈ വിഷയത്തില്‍ നീതി ലഭിക്കാനായി എല്ലാ നിയമപരമായ വഴികളും തേടാനാണ് സഭയുടെ തീരുമാനം.