കണ്ണൂർ: റെയിൽവേ ജീവനക്കാരന്റെ മതവിദ്വേഷമാണ് കന്യാസ്ത്രീകളുടെ അറസ്റ്റിലേക്ക് നയിച്ചതെന്ന് ഛത്തീസ്ഗഢിൽ അറസ്റ്റിലായ സിസ്റ്റർ വന്ദനയുടെ സഹോദരൻ ചെറിയാൻ. മനുഷ്യക്കടത്ത് നടന്നിട്ടില്ലെന്നും പ്രായപൂർത്തിയായ പെൺകുട്ടികളെ അവരുടേയും രക്ഷിതാക്കളുടേയും സമ്മതത്തോടെയാണ് ജോലിക്ക് കൊണ്ടുവന്നതെന്നും ചെറിയാൻ പറഞ്ഞു.

പെൺകുട്ടികളെ റെയിൽവേ സ്റ്റേഷനിൽ എത്തിച്ചത് അവരുടെ സഹോദരനാണ്. ടിക്കറ്റ് പരിശോധനയ്ക്കിടെ സഹോദരനോട് പ്ലാറ്റ് ഫോം ടിക്കറ്റ് ആവശ്യപ്പെട്ടു. അത് സിസ്റ്റേഴ്സിന്റെ കയ്യിലാണെന്ന് സഹോദരൻ പറഞ്ഞപ്പോൾ റെയിൽവേ ജീവനക്കാരൻ ബഹളംവെച്ചെന്നും പോലീസിനേയും ബംജ്രംഗ്ദൾ പ്രവർത്തകരേയും ഉൾപ്പെടെ അറിയിച്ചെന്നുമാണ് അറിയാൻ കഴിഞ്ഞത്, ചെറിയാൻ പറഞ്ഞു.

ആദ്യം മതപരിവർത്തനം എന്ന പേരിലായിരുന്നു ആരോപണം. പെൺകുട്ടികൾ ക്രൈസ്തവ വിഭാഗത്തിൽ ആണെന്ന് അറിഞ്ഞതോടെ മനുഷ്യക്കടത്തെന്ന് ആരോപണം മാറ്റിയെന്നും ചെറിയാൻ പറഞ്ഞു. മനുഷ്യക്കടത്ത് നടന്നിട്ടില്ല. പ്രായപൂർത്തിയായ പെൺകുട്ടികളെ അവരുടേയും രക്ഷിതാക്കളുടേയും സമ്മതത്തോടെയാണ് ജോലിക്ക് കൊണ്ടുവന്നതെന്നും ചെറിയാൻ പറഞ്ഞു.

മുൻപ് അത്രയും ദൂരം യാത്രചെയ്ത് പരിചയമില്ലാത്ത പെൺകുട്ടികൾ തനിച്ച് യാത്രചെയ്യുന്ന പ്രശ്നങ്ങൾ ഒഴിവാക്കാനാണ് സിസ്റ്റർമാർ പെൺകുട്ടികളെ അനുഗമിച്ചത്. അതിനെ മനുഷ്യക്കടത്തായും മറ്റും വ്യാജമായി ചിത്രീകരിക്കുകയാണെന്നും ചെറിയാൻ പറഞ്ഞു. ദുർഗ് റെയിൽവേ സ്റ്റേഷനിൽവെച്ച് അറസ്റ്റിലായ സിസ്റ്റർ പ്രീതി മേരി, സിസ്റ്റർ വന്ദന ഫ്രാൻസിസ് എന്നിവർ നിലവിൽ റിമാൻഡിലാണ്. ഒരു പറ്റം ബജ്റംഗ്ദൾ പ്രവർത്തകർ കന്യാസ്ത്രീകളെ വളഞ്ഞ് ബഹളമുണ്ടാക്കിയതിനെത്തുടർന്നായിരുന്നു അറസ്റ്റ്.