തിരുവനന്തപുരം: ഉമ്മൻചാണ്ടിയുടെ പേര് നൽകിയ പുതുപ്പള്ളിയിലെ ആശുപത്രിയിലെ ഡയാലിസിസ് ബ്ലോക്കിന്റെ ഉദ്ഘാടനത്തിന് ഗവർണറെ ക്ഷണിച്ചതിൽ പ്രതികരണവുമായി ചാണ്ടി ഉമ്മൻ എംഎൽഎ. എല്ലാത്തിലും രാഷ്ട്രീയം കാണരുതെന്ന് പ്രതികരിച്ച ചാണ്ടി ഉമ്മൻ ഗവർണറുടെ പദവി മാത്രമാണ് താൻ പരിഗണിച്ചതെന്നും അഭിപ്രായപ്പെട്ടു.
പുതുപ്പളളി പള്ളിയിൽ നടന്ന പരിപാടിയും ഗവർണറാണ് ഉദ്ഘാടനം ചെയ്തത്. അന്നും അദ്ദേഹത്തിന് എതിരെ ആരോപണങ്ങളുണ്ട്. എന്നാൽ അദ്ദേഹത്തിന്റെ പദവി മാത്രമാണ് പരിഗണിച്ചത്. സ്വകാര്യ ആശുപത്രിയിലെ അധികൃതർ ഒരു ജനപ്രതിനിധിയെന്ന നിലയ്ക്ക് ഗവർണറെ തങ്ങൾക്ക് അതിഥിയായി വേണമെന്ന് അഭ്യർഥിച്ചു. അങ്ങനെയുള്ളപ്പോൾ തനിക്ക് അവരോട് അദ്ദേഹത്തിന് നേരെ ഒരുപാട് ആരോപണങ്ങളുണ്ടെന്നും അതിനാൽ സാധിക്കില്ലെന്ന് പറയാൻ കഴിയില്ലെന്നും ചാണ്ടി ഉമ്മൻ കൂട്ടിച്ചേർത്തു.