അടിയന്തര സാഹചര്യങ്ങളിലല്ലാതെ സിസേറിയനിലൂടെ ജനിക്കുന്ന കുട്ടികൾക്ക് ഭാവിയിൽ രക്താർബുദം വരാനുള്ള സാധ്യതയുണ്ടെന്ന് പുതിയ പഠനം. മറ്റ് ആരോഗ്യപ്രശ്നങ്ങളില്ലാത്ത ഗർഭിണിക്ക് സാധാരണ പ്രസവം സാധ്യമായിരിക്കെ, നിർബന്ധിത സിസേറിയനുകൾ നടത്തുമ്പോഴാണ് കുട്ടികൾക്ക് ഭാവിയിൽ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത സ്വീഡനിലെ മെഡിക്കൽ സർവകലാശാലയായ കരോലിൻസ്ക ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്. സാധാരണ പ്രസവത്തിനായി ഗർഭിണിയുടെ ശരീരം തയ്യാറാകുമ്പോൾ ഉണ്ടാകുന്ന മാറ്റങ്ങൾ ഗർഭസ്ഥ ശിശുവിന് പ്രതിരോധശേഷി നൽകുന്നുവെന്ന് പഠനത്തിൽ പറയുന്നു.
പഠനത്തിന്റെ കണ്ടെത്തലുകൾ
നിശ്ചയിച്ച സമയത്ത് പ്രസവം നടക്കാതിരിക്കുമ്പോൾ നടത്തുന്ന സിസേറിയനിലും ശിശുവിന് ഈ പ്രതിരോധശേഷി ലഭിക്കുമെന്നും പഠനം വ്യക്തമാക്കുന്നു. എന്നാൽ, ആസൂത്രിതമായ സിസേറിയനിൽ ഇത് സംഭവിക്കുന്നില്ല. ഇതിലൂടെ ഭാവിയിൽ കുഞ്ഞിന് ആസ്ത്മ, അലർജി, ടൈപ്പ് 1 പ്രമേഹം എന്നിവയ്ക്കുള്ള സാധ്യത വർധിക്കുന്നുവെന്നും ഇന്റർനാഷനൽ ജേണൽ ഓഫ് കാൻസറിൽ പ്രസിദ്ധീകരിച്ച പഠനത്തിലുണ്ട്.
1982-1989 കാലഘട്ടത്തിലും 1999-2015 കാലഘട്ടത്തിലുമായി സ്വീഡനിൽ ജനിച്ച ഏകദേശം 25 ലക്ഷം കുട്ടികളെയാണ് ഈ പഠനത്തിന് വിധേയമാക്കിയത്. ഇതിൽ 3.75 ലക്ഷത്തിലധികം പേർ (15.5%) സിസേറിയനിലൂടെ ജനിച്ചവരാണ്. ഇവരില്‍ 1,495 പേർക്ക് പിന്നീട് രക്താർബുദം സ്ഥിരീകരിച്ചു. രക്താർബുദം സ്ഥിരീകരിച്ചവരിൽ 90% പേരും ആസൂത്രിതമായ സിസേറിയനിലൂടെയാണ് ജനിച്ചത്.