തൊടുപുഴ:മുല്ലപ്പെരിയാർ അണക്കെട്ടിൽ സമഗ്ര സുരക്ഷാ പരിശോധനയ്ക്ക് കേന്ദ്രസർക്കാർ ഉത്തരവിട്ടു. 2021-ലെ ഡാം സുരക്ഷാ നിയമപ്രകാരമുള്ള പരിശോധനയ്ക്കാണ് സ്വതന്ത്ര വിദഗ്ധസമിതി രൂപവത്കരിച്ചത്. കേരളം വളരെക്കാലമായി ആവശ്യപ്പെട്ടിരുന്നതാണിത്.

മുൻ ചീഫ് എൻജിനിയറും കേന്ദ്ര ജലക്കമ്മിഷൻ അംഗവുമായ ടി.കെ. ശിവരാജനാണ് സമിതിയിലെ കേരളപ്രതിനിധി. ‍‌സമിതിയുടെ റിപ്പോർട്ട് ദേശീയ അണക്കെട്ട് സുരക്ഷാ അതോറിറ്റിക്കും കേന്ദ്ര, കേരള, തമിഴ്‌നാട് സർക്കാരുകൾക്കും കൈമാറുമെന്ന് സംസ്ഥാനസർക്കാരിന്റെ അന്തസ്സംസ്ഥാന ജലവിനിയോഗ ഉപദേശകനും കെഎസ്ഇബി മുൻ ചീഫ് എൻജിനിയറുമായ ജെയിംസ് വിത്സൺ പറഞ്ഞു.

വിദഗ്‌ധസമിതി മുല്ലപ്പെരിയാർ അണക്കെട്ടും അനുബന്ധഘടനകളും ജലസംഭരണിയും ഒരുമാസത്തിനുള്ളിൽ പരിശോധിക്കും. നാലുമാസത്തിനുള്ളിൽ അന്തിമറിപ്പോർട്ട് നൽകും.