രാജ്യത്ത് സെന്‍സസ് നടത്തുന്നതിന് മുന്നോടിയായി വിജ്ഞാപനം പുറത്തിറക്കി കേന്ദ്രസര്‍ക്കാര്‍. രണ്ട് ഘട്ടങ്ങളിലായാണ് സെന്‍സസ് നടത്തുന്നത്.

ആദ്യഘട്ടം ഒക്ടോബര്‍ ഒന്നിന് ആരംഭിക്കും. 2027 മാര്‍ച്ച് ഒന്ന് മുതല്‍ രണ്ടാംഘട്ടവും ആരംഭിക്കും. ലഡാക്ക്, ജമ്മുകശ്മീര്‍, ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളിലെ മഞ്ഞുമൂടിയ മേഖലകളിലെ സെന്‍സസ് നടപടികള്‍ 2026 മാര്‍ച്ച് ഒന്നാം തീയതി മുതല്‍ തുടക്കം കുറിക്കും

സെന്‍സസ് വിവരശേഖരണം രണ്ട് ഘട്ടങ്ങളിലായായിരിക്കും നടക്കുക. ആദ്യഘട്ടമായ ഹൗസ് ലിസ്റ്റിങ് ഓപ്പറേഷനില്‍ പാര്‍പ്പിടങ്ങളുടെ അവസ്ഥ, അടിസ്ഥാന സൗകര്യങ്ങള്‍ അടക്കമായിരിക്കും രേഖപ്പെടുത്തുക.

രണ്ടാംഘട്ട പോപ്പുലേഷന്‍ എന്യൂമറേഷനില്‍ ജനസംഖ്യാപരവും സാമൂഹികസാമ്പത്തികവും സാംസ്‌കാരികവുമായ വിവരങ്ങളാണ് ശേഖരിക്കുക. വ്യക്തികളുടെ ജാതി സംബന്ധിച്ച വിവരങ്ങളും ഈ ഘട്ടത്തിലാണ് ശേഖരിക്കുക. 34 ലക്ഷം എന്യുമറേറ്റര്‍മാര്‍ ഉള്‍പ്പെടെ ഉദ്യോഗസ്ഥര്‍ ചേര്‍ന്നാണ് ജനസംഖ്യയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിക്കുന്നത്.

2011ലാണ് രാജ്യത്ത് അവസാനമായി സെന്‍സസ് നടന്നത്. പതിനാറാമത്തെ സെന്‍സസ് നടപടികളാണ് ഒക്ടോബര്‍ ഒന്നാം തീയതി മുതല്‍ ആരംഭിക്കുന്നത്. സാധാരണയായി പത്ത് വര്‍ഷം കൂടുമ്പോഴാണ് സെന്‍സസ് നടത്തിയിരുന്നത്. ഇതനുസരിച്ച് 2021ലാണ് സെന്‍സസ് നടത്തേണ്ടിയിരുന്നത്. എന്നാല്‍ കൊവിഡിനെ തുടര്‍ന്ന് സെന്‍സസ് നീട്ടിവെയ്ക്കുകയായിരുന്നു.