ന്യൂഡൽഹി: സിബിഎസ്ഇ പത്താംക്ലാസ് രണ്ടാംഘട്ട ബോർഡ് പരീക്ഷ മേയ് 15ന് ആരംഭിച്ച് 21 ന് അവസാനിക്കും. രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 1.30വരെയാണു പരീക്ഷാസമയം. വിദ്യാർഥികളുടെ പഠനഭാരം കുറയ്ക്കുന്നതിനും മികച്ച സ്കോർ നേടാൻ രണ്ടാമതൊരു അവസരം നൽകുന്നതിനുമായി ഈ വർഷം മുതലാണ് സിബിഎസ്ഇ രണ്ട് ബോർഡ് പരീക്ഷാസംവിധാനം ഏർപ്പെടുത്തിത്തുടങ്ങിയത്.
ഒന്നാംഘട്ട പരീക്ഷ എഴുതിയവരും എന്നാൽ മാർക്കിൽ സംതൃപ്തരല്ലാത്തവരുമായ വിദ്യാർഥികൾക്കു വേണ്ടിയുള്ളതാണ് രണ്ടാംഘട്ട പരീക്ഷ. രണ്ടു പരീക്ഷകളും എഴുതി ഉയർന്ന മാർക്ക് ഏതാണോ അത് അന്തിമ ഫലത്തിനായി പരിഗണിക്കും. ഒന്നാം ബോർഡ് പരീക്ഷയിൽ മൂന്നു വിഷയങ്ങളെങ്കിലും വിദ്യാർഥികൾ എഴുതിയിരിക്കണം. സയൻസ്, മാത്തമാറ്റിക്സ്, സോഷ്യൽ സയൻസ്, ഭാഷാവിഷയങ്ങൾ എന്നിവയുൾപ്പെടെ പരമാവധി മൂന്നു വിഷയങ്ങൾ രണ്ടാം ഘട്ടത്തിൽ വിദ്യാർഥികൾക്ക് എഴുതാൻ സാധിക്കും.
പരീക്ഷാ ടൈംടേബിൾ ഉൾപ്പെടെയുള്ള കൂടുതൽ വിവരങ്ങൾ ബോർഡിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.



