വിശുദ്ധനാട്ടിലെ നിലവിലെ യുദ്ധം ഒരു യുഗത്തിന് അന്ത്യം കുറിക്കുകയും മറ്റൊരു യുഗത്തിന് തുടക്കമിടുകയും ചെയ്തിരിക്കുകയാണെന്ന് ജെറുസലേമിലെ ലത്തീൻ പാത്രിയാർക്കീസ് കർദിനാൾ പിയർബാറ്റിസ്റ്റ പിസബല്ല. ഏപ്രിൽ 27 ന് പുറത്തിറക്കിയ തന്റെ പുതിയ ഇടയലേഖനത്തിലാണ് വിശുദ്ധനാട്ടിലെ സഭയുടെ ദൗത്യത്തെക്കുറിച്ചും ക്രൈസ്തവർ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും അദ്ദേഹം വ്യക്തമാക്കിയത്. ‘അവർ വലിയ സന്തോഷത്തോടെ ജെറുസലേമിലേക്ക് മടങ്ങി’ എന്ന് ശീർഷകം നൽകിയിരിക്കുന്ന ലേഖനം, സംഘർഷഭരിതമായ ലോകത്ത് ക്രിസ്തീയസാക്ഷ്യം എങ്ങനെയായിരിക്കണമെന്ന ആത്മീയകാഴ്ചപ്പാടാണ് പങ്കുവയ്ക്കുന്നത്.

ഒക്ടോബർ ഏഴിലെ സംഭവങ്ങളും തുടർന്നുള്ള ഗാസ യുദ്ധവും കേവലം പ്രാദേശിക തർക്കങ്ങളല്ലെന്നും, മറിച്ച് അന്താരാഷ്ട്രക്രമത്തിലുള്ള വിശ്വാസം തകരുന്നതിന്റെ ലക്ഷണമാണെന്നും കർദിനാൾ നിരീക്ഷിച്ചു. യുദ്ധം ഇന്ന് ഒരു വിഗ്രഹാരാധനയായി മാറിയിരിക്കുകയാണ്. വെറുപ്പും അവിശ്വാസവും മൂലം മാനുഷികബന്ധങ്ങൾ തകരുകയും സോഷ്യൽ മീഡിയ അൽഗോരിതങ്ങൾ വഴി മനുഷ്യർ ഒറ്റപ്പെട്ട ഗ്രൂപ്പുകളായി മാറുകയും ചെയ്യുന്ന അരാജകത്വമാണ് നിലവിലുള്ളതെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.

അതേസമയം, മതങ്ങൾ തമ്മിലുള്ള സംഭാഷണങ്ങൾ വലിയ പ്രതിസന്ധിയിലാണെന്ന് കർദിനാൾ ചൂണ്ടിക്കാട്ടുന്നു. അക്രമത്തെയും അധിനിവേശത്തെയും ന്യായീകരിക്കാൻ വിശുദ്ധഗ്രന്ഥങ്ങളെ ദുരുപയോഗം ചെയ്യുന്നത് ഈ കാലഘട്ടത്തിലെ ഏറ്റവും വലിയ പാപമാണ്. ആരാധനാലയങ്ങൾ പലപ്പോഴും ഐഡന്റിറ്റിക്കായുള്ള പോരാട്ടഭൂമികളായി മാറുന്നു. സമാധാന ഉടമ്പടികൾ പരാജയപ്പെടാൻ കാരണം ജെറുസലേമിന്റെ ആത്മീയവശത്തെ അവഗണിക്കുന്നതാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

സഭയുടെ പ്രവാചക ദൗത്യത്തെക്കുറിച്ച് പരാമർശിച്ച കർദിനാൾ, പ്രായോഗികമായ ചില നിർദേശങ്ങളും മുന്നോട്ടുവയ്ക്കുന്നു. കുടുംബങ്ങൾ പരസ്പര ബഹുമാനത്തിന്റെയും സഹവർത്തിത്വത്തിന്റെയും പാഠശാലകളാകണം. വിദ്യാലയങ്ങൾ പുതിയ മാനവികതയുടെ പണിശാലകളായി മാറുകയും കുട്ടികളെ വെറുപ്പില്ലാതെ വളർത്താൻ മാതാപിതാക്കൾക്ക് കഴിയുകയും വേണം. അക്രമത്തിന്റെ സംസ്കാരത്തോടുള്ള എല്ലാ കൂട്ടുകെട്ടുകളും ഉപേക്ഷിക്കണമെന്നും മതാന്തര സംഭാഷണം ഒരു അത്യാവശ്യ ഘടകമായി തുടരണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

ദൈവത്തിന്റെ നഗരത്തെക്കുറിച്ചുള്ള സ്വപ്നം ഹൃദയത്തിൽ പേറി, ആവേശത്തോടെ ജീവിതത്തിലേക്ക് മടങ്ങാൻ വിശ്വാസികളോട് ആവശ്യപ്പെട്ട അദ്ദേഹം, കഠിനമായ സാഹചര്യങ്ങളിലും യേശു കൂടെയുണ്ടെന്ന ഉറപ്പോടെ പ്രത്യാശയോടെ മുന്നേറാൻ തന്റെ ഇടയലേഖനത്തിലൂടെ ആഹ്വാനം ചെയ്യുന്നു. ലോകത്തിന്റെ മുറിവുകൾ ഉണക്കുന്ന ഒരു കേന്ദ്രമായി ജെറുസലേമിനെ മാറ്റാൻ സഭ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.