റഷ്യയിൽ ഉണ്ടായ ശക്തമായ കാർ ബോംബ് സ്ഫോടനത്തിൽ ഉന്നത സൈനിക ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു. റഷ്യൻ സൈന്യത്തിന്റെ ആർട്ടിലറി, മിസൈൽ വെടിക്കോപ്പുകളുടെ വിതരണ വിഭാഗം തലവനായ കേണൽ ദമീർ ദവിദോവ് (57) ആണ് മരിച്ചത്. മോസ്കോയുടെ കിഴക്കൻ അതിർത്തിയോട് ചേർന്നുള്ള ബാലാഷിഖ എന്ന തന്ത്രപ്രധാന നഗരത്തിലാണ് സംഭവം. റഷ്യൻ സായുധ സേനയിലേക്ക് വെടിക്കോപ്പുകളും ആയുധങ്ങളും വിതരണം ചെയ്യുന്ന പ്രക്രിയയ്ക്ക് മേൽനോട്ടം വഹിക്കുന്ന ഉദ്യോഗസ്ഥനായിരുന്നു ഇദ്ദേഹം. യുക്രെയ്ൻ അധിനിവേശത്തിന് ശേഷം റഷ്യൻ മണ്ണിൽ യുദ്ധാനുകൂലികളെയും സൈനിക ഉദ്യോഗസ്ഥരെയും ലക്ഷ്യമിട്ട് നടക്കുന്ന കൊലപാതക പരമ്പരകളിലെ ഒടുവിലത്തെ സംഭവമാണിത്.

ചൊവ്വാഴ്ച പുലർച്ചെ 5:30-ഓടെ ദവിദോവ് വാഹനം ഓടിച്ചു പോകുമ്പോൾ കാറിനടിയിൽ ഘടിപ്പിച്ചിരുന്ന സ്ഫോടകവസ്തു പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഫോടനത്തിന് പിന്നാലെ ഇദ്ദേഹം സഞ്ചരിച്ചിരുന്ന ബിഎംഡബ്ല്യു എക്സ് 3 എസ്യുവി കാർ പൂർണ്ണമായും തീപിടിക്കുകയും നിയന്ത്രണം വിട്ട് സമീപത്തെ മറ്റൊരു കാറിലേക്ക് ഇടിച്ചുകയറുകയും ചെയ്തു. നാട്ടുകാർ ഓടിയെത്തി കാറിനുള്ളിൽ നിന്ന് പുറത്തെടുത്തുവെങ്കിലും ഗുരുതരമായി പൊള്ളലേറ്റ ദവിദോവ് സംഭവസ്ഥലത്തുതന്നെ മരണത്തിന് കീഴടങ്ങി. നേരത്തെ ഇതേ പ്രദേശത്തിന് തൊട്ടടുത്ത് വെച്ചാണ് റഷ്യൻ സായുധ സേനയുടെ ഡെപ്യൂട്ടി ചീഫ് ലഫ്റ്റനന്റ് ജനറൽ യാരോസ്ലാവ് മോസ്കാലികും സമാനമായ രീതിയിൽ കൊല്ലപ്പെട്ടത്.

സംഭവം വ്ലാദിമിർ പുടിനെ അറിയിച്ചതായി ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് സ്ഥിരീകരിച്ചു. ആക്രമണത്തിന് പിന്നിൽ യുക്രെയ്ൻ ആണെന്ന് അദ്ദേഹം പരോക്ഷമായി സൂചിപ്പിച്ചെങ്കിലും അന്വേഷണ വിവരങ്ങൾ വെളിപ്പെടുത്തിയില്ല. ശക്തമായ സുരക്ഷയുള്ള മേഖലയിൽ ഉണ്ടായ ഈ കൊലപാതകം റഷ്യൻ ആഭ്യന്തര സുരക്ഷാ സംവിധാനങ്ങൾക്ക് വലിയ തിരിച്ചടിയാണ്. ഇത്തരം ആക്രമണങ്ങൾക്ക് അതേ നാണയത്തിൽ തിരിച്ചടി നൽകണമെന്ന് റഷ്യൻ ജനപ്രതിനിധികളും മുൻ സൈനിക ജനറൽമാരും ആവശ്യപ്പെട്ടിട്ടുണ്ട്.