കംബോഡിയയിൽ ആഗോളതലത്തിൽ പ്രവർത്തിച്ചിരുന്ന വൻ ഓൺലൈൻ തട്ടിപ്പ് ശൃംഖലകൾക്കെതിരെ സർക്കാർ കർശന നടപടി സ്വീകരിച്ചു. കഴിഞ്ഞ ഏതാനും ആഴ്ചകൾക്കുള്ളിൽ ഏകദേശം 200 തട്ടിപ്പ് കേന്ദ്രങ്ങൾ പൂട്ടിച്ചതായി കംബോഡിയൻ സർക്കാർ അറിയിച്ചു.

വിയറ്റ്നാം അതിർത്തിക്കടുത്തുള്ള കംപോട്ട് പ്രവിശ്യയിലെ ഒരു കേന്ദ്രത്തിൽ നടന്ന പരിശോധനയിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. അവിടെ പ്രവർത്തിച്ചിരുന്ന കേന്ദ്രത്തിൽ ഒരു വ്യാജ ഇന്ത്യൻ പോലീസ് സ്റ്റേഷനും മഹാത്മാഗാന്ധിയുടെ ചിത്രവും കണ്ടെത്തി. ആളുകളെ ഭീഷണിപ്പെടുത്തി പണം തട്ടാനാണ് ഇത്തരം വ്യാജ സംവിധാനങ്ങൾ ഇവർ ഒരുക്കിയിരുന്നത്.

കംബോഡിയൻ ഓൺലൈൻ തട്ടിപ്പ് പ്രതിരോധ കമ്മീഷൻ അധ്യക്ഷൻ ഛായ് സിനാരിത്ത് ആണ് ഈ വിവരങ്ങൾ പുറത്തുവിട്ടത്. ഇതുവരെ 190 ഓളം കേന്ദ്രങ്ങൾ അധികൃതർ സീൽ ചെയ്തിട്ടുണ്ട്.