തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണിന് ആവേശത്തുടക്കം. അവസാന ഓവർ വരെ ആവേശം നീണ്ടുനിന്ന മത്സരത്തിൽ കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസിനെ നിലവിലെ ജേതാക്കളായ ഏരീസ് കൊല്ലം സെയ്ലേഴ്സ് ഒരു വിക്കറ്റിന് കീഴടക്കി. ഒരു വിക്കറ്റ് ശേഷിക്കേ അവസാന ഓവറിൽ ജയിക്കാൻ 14 റൺസ് വേണ്ടിയിരുന്ന കൊല്ലത്തിനായി തുടർച്ചയായ രണ്ട് പന്തുകൾ സിക്സറിന് പറത്തി ബിജു നാരായണനാണ് ടീമിനെ വിജയത്തിലെത്തിച്ചത്.
139 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത കൊല്ലത്തിന് ആദ്യ പന്തിൽ തന്നെ വിഷ്ണു വിനോദിനെ (0) നഷ്ടമായി. രണ്ടാം വിക്കറ്റിൽ അഭിഷേക് നായർ – ക്യാപ്റ്റൻ സച്ചിൻ ബേബി സഖ്യം സ്കോർ 44 വരെയെത്തിച്ചു. പിന്നീട് കൂട്ടത്തകർച്ചയായിരുന്നു. 21 പന്തിൽ നിന്ന് 24 റൺസെടുത്ത് സച്ചിനും 20 പന്തിൽ നിന്ന് 21 റൺസെടുത്ത് അഭിഷേകും പുറത്തായി. പിന്നാലെ രാഹുൽ ശർമ (0), സജീവൻ അഖിൽ (3), ഷറഫുദീൻ (5) എന്നിവർ കാര്യമായ സംഭാവനകളില്ലാതെ മടങ്ങി.
എന്നാൽ ഏഴാം വിക്കറ്റിൽ അമലിനെ കൂട്ടുപിടിച്ച് വത്സൽ ഗോവിന്ദ് സ്കോർ 100-ൽ എത്തിച്ചു. 16-ാം ഓവറിൽ അമൽ (14) മടങ്ങി. 18-ാം ഓവറിൽ വത്സൽ ഗോവിന്ദും പുറത്തായതോടെ കൊല്ലം തോൽവി മുന്നിൽക്കണ്ടതായിരുന്നു. 31 പന്തിൽ നിന്ന് 41 റൺസെടുത്ത ഗോവിന്ദാണ് ടീമിന്റെ ടോപ് സ്കോറർ.
അവസാന വിക്കറ്റിൽ ഒന്നിച്ച ഏദൻ ആപ്പിൾ ടോമും ബിജി നാരായണനും ഇബ്നുൾ അഫ്താബിന്റെ 18-ാം ഓവറിൽ 10 റൺസ് നേടി. ഏദന്റെ ഒരു സിക്സും ഈ ഓവറിൽ പിറന്നു. പിന്നാലെ അവസാന ഓവറിൽ ജയിക്കാൻ 14 റൺസ് വേണമെന്നിരിക്കേ അഖിൽ ദേവ് എറിഞ്ഞ നാലും അഞ്ചും പന്തുകൾ സിക്സറിന് പറത്തി ഒരു പന്തും ഒരു വിക്കറ്റും ശേഷിക്കേ ബിജു നാരായണൻ ടീമിന് ആവേശ ജയം സമ്മാനിച്ചു.
കാലിക്കറ്റിനായി അഖിൽ സ്കറിയ 14 റൺസിന് നാലു വിക്കറ്റും സുദേശൻ മിഥുൻ 22 റൺസിന് മൂന്നു വിക്കറ്റും വീഴ്ത്തി. നേരത്തേ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഗ്ലോബ്സ്റ്റാർസ് 18 ഓവറിൽ 138 റൺസിന് ഓൾഔട്ടായിരുന്നു. ക്യാപ്റ്റൻ രോഹൻ കുന്നുമ്മലിന്റെ അർധ സെഞ്ചുറിയാണ് കാലിക്കറ്റിനെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. 22 പന്തിൽ നിന്ന് ആറ് സിക്സും മൂന്ന് ഫോറുമടക്കം രോഹൻ 54 റൺസെടുത്തു.