മിസിസിപ്പി: മിസിസിപ്പിയിലെ വാറന്‍ കൗണ്ടിയില്‍ ബസ് മറിഞ്ഞ് ഏഴ് പേര് മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ബസിന്റെ ടയർ തകരാറിലായതിനെ തുടർന്ന് മിസിസിപ്പിയിലെ വിക്സ്ബർഗിന് കിഴക്ക് ഹൈവേയിൽ നിന്ന് ബസ് തെന്നി മാറുകയായിരുന്നു.
അപകടത്തിൽ ആറ് പേര് സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. വിക്സ്ബര്ഗിലെ മെറിറ്റ് ഹെല്‍ത്ത് ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെയാണ് ഒരാള്‍ മരിച്ചത്. 37 യാത്രക്കാരെ പരിക്കുകളോടെ വിക്സ്ബര്ഗിലെയും ജാക്സണിലെയും പ്രാദേശിക ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
മരിച്ചവരിൽ ആറ് വയസുള്ള ആൺകുട്ടിയും 16 വയസുള്ള സഹോദരിയും ഉണ്ടെന്ന് വാറൻ കൗണ്ടി കൊറോണർ ഡഗ് ഹസ്കി പറഞ്ഞു. അപകടത്തിൽ മിസിസിപ്പി ഹൈവേ പട്രോളും കൊമേഴ്സ്യല്‍ ട്രാന്സ്പോര്ട്ടേഷന് എന്‍ഫോഴ്സ്മെന്റ് ഡിവിഷനും അന്വേഷണം നടത്തും.



