ആലപ്പുഴ: 25 കോടിയുടെ ഓണം ബമ്പറടിച്ച തിരുവനന്തപുരം സ്വദേശി അനൂപിന് നേരിടേണ്ടിവന്ന അവസ്ഥ മലയാളികൾ കണ്ടതാണ്. താനാണ് ആ ഭാഗ്യവാൻ എന്ന് അറിയിച്ചതോടെ സഹായം ചോദിച്ച് അന്യനാടുകളിൽ നിന്നുപോലും ആളുകൾ അനൂപിന്റെ വീട്ടിൽ എത്തുകയും ഫോൺ വിളിക്കുകയുമൊക്കെ ചെയ്തതിനെക്കുറിച്ച് അനൂപ് പ്രതികരിച്ചിരുന്നു.
സഹായം ചോദിച്ച് തന്റെയടുത്തും ആളുകൾ എത്തിയിരുന്നുവെന്ന് വെളിപ്പെടുത്തുകയാണ് ഇത്തവണ ഓണം ബമ്പർ അടിച്ച ആലപ്പുഴ സ്വദേശി ശരത്ത്. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതുവരെ പണം ലഭിച്ചിട്ടില്ല. അക്കൗണ്ടിൽ പണമെത്താൻ ഒരുമാസമെങ്കിലും കാത്തിരിക്കേണ്ടിവരുമെന്നും യുവാവ് വ്യക്തമാക്കി.
‘രണ്ടുമൂന്നുപേരൊക്കെ സഹായം ചോദിച്ച് വീട്ടിലൊക്കെ വന്നിരുന്നു. പരിചയമില്ലാത്തവരാണ്. ഫണ്ട് കിട്ടിയിട്ടില്ലെന്ന് ഞാൻ അവരോട് പറഞ്ഞു. അവർ ഡീറ്റയിലായിട്ടൊന്നും പറഞ്ഞില്ല. എല്ലാ കാര്യങ്ങളും നോക്കിയിട്ടേ ചെയ്യുകയുള്ളൂ. ടാക്സും കാര്യങ്ങളുമൊക്കെയുണ്ട്. പിന്നെ എനിക്ക് എന്റേതായ ചില കാര്യങ്ങൾ ചെയ്യാനുണ്ട്. ദുരിതമനുഭവിക്കുന്ന ചിലരെ അറിയാം. അവരെ സഹായിക്കണമെന്നുണ്ട്.’- ശരത്ത് പറഞ്ഞു.
ഓണം ബമ്പറല്ല മകൻ ജനിച്ചതാണ് തന്റെ ഏറ്റവും വലിയ ഭാഗ്യമെന്ന് അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു. വിവാഹം കഴിഞ്ഞ് എട്ട് വർഷത്തിന് ശേഷം പ്രാർത്ഥനകളും ചികിത്സയുമൊക്കെ നടത്തിയാണ് മകൻ ജനിച്ചതെന്നും ശരത്ത് വ്യക്തമാക്കിയിരുന്നു. ശരത്ത് എടുത്ത TH 577825 എന്ന ടിക്കറ്റിനാണ് 25 കോടി അടിച്ചത്.