കോട്ദ്വാർ (ഉത്തരാഖണ്ഡ്): ഉത്തരാഖണ്ഡിലെ കോട്ദ്വാർ നഗരത്തിൽ മുഹമ്മദ് ഷൊയ്ബ് എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ‘ബാബ’ എന്ന വസ്ത്രക്കടയുടെ പേരിനെച്ചൊല്ലിയുള്ള വിവാദങ്ങളിൽ പ്രതികരിച്ച ദീപക് കുമാറിനെ കാണാൻ സിപിഎം നേതാവ് ജോൺ ബ്രിട്ടാസ് എംപി എത്തി. ബജ്‌റംഗ് ദൾ ആക്രമണത്തിൽ നിന്ന് ഉത്തരാഖണ്ഡിലെ മുസ്ലീം കച്ചവടക്കാരനെ രക്ഷിച്ച ദീപക്കിന്‍റെ വീട്ടിലെത്തിയ ജോൺ ബ്രിട്ടാസ് ഐക്യദാർഢ്യം പ്രഖ്യാപിച്ചിക്കുകയായിരുന്നു. ദീപക് കുമാർ എന്ന ‘മുഹമ്മദ് ദീപക്’ ഇന്ത്യയെ കാർന്നു തിന്നുന്ന അർബുദമായ ഹിന്ദുത്വ വർഗീയവാദികൾക്കെതിരെയുള്ള പോരാട്ടത്തിന്‍റെ പ്രത്യാശാനാളമാണെന്ന് ഡോ. ജോൺ ബ്രിട്ടാസ് എംപി പറഞ്ഞു.
ഹിമാലയത്തിന്‍റെ താഴ്വാരമായ കോട്ട്ദ്വാറിൽ വന്ദ്യവയോധികനായ മുഹമ്മദിനെ ബജ്‌റംഗ് ദൾ പ്രവർത്തകർ വേട്ടയാടിയപ്പോഴാണ് ദീപക്ക് കുമാർ രംഗ പ്രവേശനം ചെയ്തത്. സാഹോദര്യത്തിന്റെയും സഹവർത്തിത്വത്തിന്റെയും തുല്യതയുടെയും സന്ദേശം പ്രസരിക്കേണ്ട റിപ്പബ്ലിക്ക് ദിനത്തിലായിരുന്നു വർഗീയവാദികളയുടെ അഴിഞ്ഞാട്ടം.
നിസ്സഹായനായ മുഹമ്മദിനു മുന്നിൽ രക്ഷകനായ ദീപക് കുമാർ, നൂറ്റിയൻപതോളം വരുന്ന കാപാലികരെ ഒറ്റക് നേരിട്ടു. ഹിന്ദുവായിട്ടും നിരാലംബനായ മുസ്ലിം വൃദ്ധന് സംരക്ഷണം നൽകാൻ കഴിഞ്ഞതിൽ അഭിമാനിക്കുകയാണ് ദീപക് ഇന്ന്. ദീപക്കിനെ നേരിൽകണ്ട് മതമൈത്രിയിൽ അഭിമാനിക്കുന്ന കേരളത്തിന്‍റെ ആശംസകൾ നേരാനാണ് എത്തിയതെന്നും ബ്രിട്ടാസ് പറഞ്ഞു. വർഗീയവാദികളുടെ ഭീഷണിയിൽ അനാഥമായ ജിമ്മും മുഹമ്മദിന്‍റെ ബാബ തുണിക്കടയും എംപി സന്ദർശിച്ചു. കലാപകാരികളെ സംരക്ഷിച്ചുകൊണ്ട് ദീപക്കിനെതിരെ കേസെടുത്ത കോട്ട്ദ്വാർ സ്റ്റേഷനിൽ ശക്തമായ എതിർപ്പും രേഖപ്പെടുത്തി.



