കുടിവെള്ളക്ഷാമം കൊണ്ടു ജനം നട്ടംതിരിയുന്ന പാലക്കാട് ഏലപ്പുള്ളിയില്‍ സര്‍ക്കാര്‍ അനുവദിച്ച ബ്രൂവറിക്ക് അനുമതി നിഷേധിച്ച ഹൈക്കോടതി ഉത്തരവിനെ താന്‍ സര്‍വ്വാത്മനാ സ്വാഗതം ചെയ്യുന്നുവെന്ന് കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റിയംഗം രമേശ് ചെന്നിത്തല. കേരളത്തെ മുഴുവന്‍ മദ്യലോബിക്ക് തീറെഴുതാനുള്ള നീക്കത്തിന്റെ ഭാഗമായി ബ്രൂവറികള്‍ക്കും ഡിസ്റ്റലറികള്‍ക്കും അനുമതി നല്‍കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ താന്‍ പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ നടത്തിയ പോരാട്ടത്തിന് ഫലം കണ്ടുവെന്നതില്‍ അളവറ്റ സന്തോഷമുണ്ടെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
വൻ കൊള്ളയും അഴിമതിയും ആണ് ഇതിൽ നടന്നത്. ഒരു നിമിഷം പോലും കളയാതെ സർക്കാർ ഈ പദ്ധതിയിൽ നിന്നും പിന്മാറണം. സംസ്ഥാനത്ത് പുതിയ ബ്രൂവറികളും ഡിസ്റ്റലറികളും വേണ്ടെന്ന 1999ല്‍ അന്നത്തെ നയനാര്‍ സര്‍ക്കാര്‍ കൊണ്ടുവന്ന നിര്‍ദേശത്തെ മറികടന്നുകൊണ്ടാണ് മദ്യലോബിയുമായി കൈകോര്‍ത്തുകൊണ്ട് പിണറായി സര്‍ക്കാര്‍ സംസ്ഥാനത്ത് മൂന്നിടങ്ങളില്‍ ബ്രൂവറികളും ഡിസ്റ്റലറികളും സ്ഥാപിക്കാന്‍ അതീവ രഹസ്യമായി ഉത്തരവിറക്കിയത്.
28-6-2018 ലാണ് പാലക്കാട് ഏലപ്പുള്ളിയില്‍ പ്രതിവര്‍ഷം അഞ്ച് ലക്ഷം ഹെക്ടാ ലിറ്റര്‍ ബിയര്‍ ഉല്‍പ്പാദിക്കാനുള്ള അനുമതി അപ്പോളോ ഡിസ്റ്റലറീസ് എന്ന സ്വകാര്യ കമ്പനിക്ക് നല്‍കിയത്. ഈ ഉത്തരവ് പുറത്ത് വന്ന ഉടനെ തന്നെ പ്രതിപക്ഷനേതാവ് എന്ന നിലയില്‍ മദ്യലോബിയും സര്‍ക്കാര്‍ തമ്മിലുള്ള ഒത്തുകളിയെക്കുറിച്ചുള്ള വിവരങ്ങള്‍ ജനങ്ങള്‍ മുന്നില്‍ താന്‍ കൊണ്ടുവന്നു. ഇതേ തുടര്‍ന്ന് കടുത്ത പ്രതിഷേധം സംസ്ഥാനത്ത് ഉയരുകയും. സര്‍ക്കാരിന് തങ്ങളുടെ തിരുമാനത്തില്‍ നിന്നും യുടേണ്‍ അടിക്കേണ്ടി വരികയും ചെയ്തു.
ഒരു പഠനം പോലും നടത്താതെയാണ് അന്നീ ബ്രൂവറിക്ക് പിണറായി സര്‍ക്കാര്‍ അനുമതി നല്‍കിയത്. കടുത്ത കുടിവെള്ളക്ഷാമം നിലനില്‍ക്കുന്ന പ്രദേശമാണ് ഏലപ്പുള്ളി. തൊട്ടടുത്താണ് കൊക്കോക്കോളക്കെതിരെ സമരം നടന്ന പ്‌ളാച്ചിമട. ആ ഫാക്ടറി പൂട്ടിച്ചു എന്ന് മേനി നടിക്കുന്നവരാണ് കുടിവെള്ളമൂറ്റുന്ന ഈ ബ്രൂവറിക്ക് അനുമതി നല്‍കിയത്. ആദ്യം പഠനം നടാത്താതെ ബ്രൂവറിക്ക് അനുമതി നല്‍കിയവരോട് വീണ്ടും പഠനം നടത്താന്‍ പറയുന്നതില്‍ അര്‍ത്ഥമില്ല. അവിടെ ഒരു കാരണവശാലും ബ്രൂവറി അനുവദിക്കുന്ന പ്രശ്‌നമില്ല. കുടിവെള്ളം കിട്ടാതെ നട്ടം തിരിയുന്ന കര്‍ഷകരുടെയും സാധാരണക്കാരെയും അവഗണിച്ചു ഇനിയും അവിടെ ബ്രൂവറി അനുവദിക്കാന്‍ ശ്രമം നടത്തിയാല്‍ ജനങ്ങള്‍ ഒരുമിച്ചു നിന്ന് അതിനെ എതിര്‍ക്കുമെന്നും ആ പ്രക്ഷോഭത്തിന്റെ മുന്‍പന്തിയില്‍ തന്നെ താനുണ്ടാവുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.



